കൊച്ചി/ തൃശൂർ: തൃശൂര്‍ കോര്പറേഷൻ എൽഡിഎഫ് ഭരിക്കും. കോണ്‍ഗ്രസ് വിമതന് എം.കെ.വര്‍ഗീസ് ഇടതിനെ പിന്തുണയ്ക്കും. 35 വര്‍ഷമായി കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ച തന്നെ ചതിച്ചു. ജനവികാരം മാനിച്ച് എല്‍ഡിഎഫിനെ പിന്തുണയ്ക്കാനാണ് താൽപ്പര്യമെന്നും ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വര്‍ഗീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എം.കെ.വർഗീസിന് മേയർ പദവി നൽകാനും സാധ്യതയേറി.
24 സീറ്റുകള്‍ നേടിയാണ് തൃശൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. യുഡിഎഫിന് ഇരുപത്തി മൂന്നും എന്‍ഡിഎയ്ക്ക് ആറ് സീറ്റാണുള്ളത്. നെട്ടിശേരി ഡിവിഷനില്‍നിന്നാണ് വിമതനായി എം.കെ.വര്‍ഗീസ് വിജയിച്ചത്. ഇനി പുല്ലഴി ഡിവിഷനില്‍ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. നിലവില്‍ ഈ സീറ്റ് എല്‍ഡിഎഫിന്റേതാണ്. എൽഡിഎഫ് സ്ഥാനാർഥി മരിച്ചതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കാതിരുന്നത്.
കൊച്ചി കോർപറേഷനിലും ഇടത് ഭരണം. കൊച്ചിയിൽ ലീഗ് വിമതൻ ടി.കെ.അഷ്റഫ് ഇടതിനു പിന്തുണ നൽകാൻ സാധ്യതയേറി. സുസ്ഥിര ഭരണത്തിന് എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കല്വത്തിയില്നിന്ന് ജയിച്ച ലീഗ് വിമതന് അഷ്റഫ് പ്രഖ്യാപിച്ചു. സിപിഎം നേതൃത്വവുമായി അഷ്റഫ് കൂടിക്കാഴ്ച നടത്തി. കൂടുതല്‍ വിമതര്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് സൂചനകള്‍. നാലു വിമതരുടെയും പിന്തുണ ലഭിച്ചാല്‍ കോര്‍പറേഷനില്‍ ഇടതു മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിക്കും.
കൊച്ചി കോർപറേഷനിൽ 75 അംഗ ഭരണസമിതിയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇടതുപക്ഷമാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എൽഡിഎഫിന് 34 സീറ്റുണ്ട്. പത്ത് വർഷമായി കോർപറേഷൻ ഭരിക്കുന്ന യുഡിഎഫിന് 31 സീറ്റാണുള്ളത്. ബിജെപി അഞ്ച് സീറ്റ് നേടിയപ്പോൾ നാലിടത്ത് സ്വതന്ത്രരായി മത്സരിച്ച വിമതർ ജയിച്ചു.
Read Also: നഗരസഭ കെട്ടിടത്തിനു മുകളിൽ ‘ജയ് ശ്രീറാം’ ബാനറുയർത്തി ആഹ്ളാദപ്രകടനം; ബിജെപിക്കെതിരെ പ്രതിഷേധം
എൽഡിഎഫ് മേയർ സ്ഥാനാർഥി എം.അനിൽകുമാറാണ്. എളമക്കര നോർത്ത് ഡിവിഷനിൽനിന്നാണ് അനിൽ കുമാർ ജയിച്ചത്.
കൊച്ചി ഉൾപ്പടെ അഞ്ച് കോർപറേഷനുകളിലും ഇടത് ഭരണമാണ് ഇനി. കണ്ണൂർ മാത്രമാണ് യുഡിഎഫിനൊപ്പം.