തൃശൂർ: നാട്ടുകാർ നോക്കിനിൽക്കെ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ. തൃശ്ശൂർ വെളളിക്കുളങ്ങര സ്വദേശിനി ജീത്തുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് വിരാജ് ആണ് പിടിയിലായത്.

മുംബൈയിൽ ബന്ധുവീട്ടിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു ജീത്തു. കുടുംബശ്രീയിൽ നിന്നെടുത്ത വായ്‌പ തിരിച്ചടക്കാനായി എത്തിയപ്പോഴാണ് ജീത്തു ആക്രമിക്കപ്പെട്ടത്.

അച്ഛനോടൊപ്പം എത്തിയ ജീത്തുവിനെ അച്ഛന്റെയും നാട്ടുകാരുടെയും മുന്നിൽ വച്ചാണ് വിരാജ് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ജീത്തു കുടുംബശ്രീയ്ക്ക് വരുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞ വിരാജ് കൊല്ലാൻ പദ്ധതിയിട്ട് പുറത്തു കാത്തു നിൽക്കുകയായിരുന്നുവെന്നാണ് വിവരം.

കുടുംബശ്രീ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ ജീത്തുവിന്റെ ദേഹത്ത് വിരാജ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. വളരെ പെട്ടെന്നായിരുന്നു ഇയാൾ പെട്രോൾ ഒഴിച്ചതും തീ കൊളുത്തിയതും. നാട്ടുകാർക്ക് ഒന്നു ചെയ്യാൻ കഴിയും മുൻപേ തീയാളി പടർന്നതായാണ് ലഭിക്കുന്ന വിവരം. ജീത്തുവിന്റെ അച്ഛനും നോക്കി നിൽക്കാനേ കഴിഞ്ഞുളളൂ.

ഗുരുതരമായി പൊളളലേറ്റ ജീത്തുവിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നോടെ മരണമടഞ്ഞു. ജീത്തുവിനെ തീ കൊളുത്തിയ ശേഷം ഭർത്താവ് സംഭവസ്ഥലത്തുനിന്നും കടന്നു കളയുകയായിരുന്നു. ഇയാൾക്കായുളള തിരച്ചിലിലാണ് പൊലീസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ