തൃശൂർ: ജനക്കൂട്ടം നോക്കിനിൽക്കെ ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു. തൃശൂർ വെളളിക്കുളങ്ങരയിലാണ് സംഭവം. വെളളിക്കുളങ്ങര സ്വദേശി ജീത്തുവാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിരാജ് ഒളിവിലാണ്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഭർത്താവുമായി ഏറെ നാളായി വേർപിരിഞ്ഞു കഴിയുകയായിരുന്നു ജീത്തു. കുടുംബശ്രീയിൽനിന്നും ജീത്തു ഒരു വായ്‌പയെടുത്തിരുന്നു. ഇതു തിരിച്ചടയ്ക്കാനായാണ് ഞായറാഴ്ച ജീത്തു പിതാവിനൊപ്പം വെളളിക്കുളങ്ങരയിൽ എത്തിയത്. ജീത്തു കുടുംബശ്രീയ്ക്ക് വരുന്നുണ്ടെന്ന് അറിഞ്ഞ ഭർത്താവ് കൊല്ലാൻ പദ്ധതിയിട്ട് പുറത്തു കാത്തു നിൽക്കുകയായിരുന്നുവെന്നാണ് വിവരം.
കുടുംബശ്രീ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ജീത്തുവിന്റെ ദേഹത്ത് ഭർത്താവ് വിരാജ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വളരെ പെട്ടെന്നായിരുന്നു ഇയാൾ പെട്രോൾ ഒഴിച്ചതും തീ കൊളുത്തിയതും. നാട്ടുകാർക്ക് ഒന്നു ചെയ്യാൻ കഴിയും മുൻപേ തീ ആളി പടർന്നതായാണ് ലഭിക്കുന്ന വിവരം. ജീത്തുവിന്റെ അച്ഛനും നോക്കി നിൽക്കാനേ കഴിഞ്ഞുളളൂ.
ഗുരുതരമായി പൊളളലേറ്റ ജീത്തുവിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നോടെ മരണമടഞ്ഞു. ജീത്തുവിനെ തീ കൊളുത്തിയ ശേഷം ഭർത്താവ് സംഭവസ്ഥലത്തുനിന്നും കടന്നു കളയുകയായിരുന്നു. ഇയാൾക്കായുളള തിരച്ചിലിലാണ് പൊലീസ്.