തൃശൂര്‍: ദേശീയപാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് കവര്‍ന്ന കേസില്‍ ഒന്‍പതു പേര്‍ കസ്റ്റഡിയില്‍. കുഴല്‍പ്പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളെയാണ് ഇന്നു പുലര്‍ച്ചെ എറണാകുളത്തുനിന്ന് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ രാഷ്ട്രീയബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് തൃശൂര്‍ എസ്‌പി ജി.പൂങ്കുഴലി പറഞ്ഞു.
ദേശീയപാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി കൊച്ചിയിലേക്ക് അയച്ച പണമാണു കവര്‍ന്നത്. ദേശീയപാതയില്‍ കൊടകരയില്‍ ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ 4.45നായിരുന്നു സംഭവം. അറസ്റ്റിലായവരില്‍ ഏഴുപേര്‍ സംഭവത്തില്‍ നേരിട്ടുപങ്കെടുത്തവരും രണ്ടുപേര്‍ ഇവരുടെ സഹായികളുമാണെന്നു പൊലീസ് പറഞ്ഞു. മൂന്നു കാറുകളിലായി എത്തിയാണു സംഘം പണവും കാറും തട്ടിയെടുത്തത്. ഈ കാര്‍ പിന്നീട് പടിഞ്ഞാറേക്കോട്ടയില്‍നിന്ന് കണ്ടെടുത്തിരുന്നു.
അജ്ഞാത സംഘം വ്യാജ വാഹനാപകടമുണ്ടാക്കി കാറും അതിലുണ്ടായിരുന്ന 25 ലക്ഷം രൂപയും തട്ടിയെന്നാണ് കോഴിക്കോട് സ്വദേശിയായ ഡ്രൈവറുടെ പരാതി. വോട്ടെടുപ്പിനു പിറ്റേന്ന് ഏപ്രില്‍ ഏഴിനാണു ഡ്രൈവര്‍ പരാതി നല്‍കിയത്. കോഴിക്കോട് സ്വദേശിയായ വ്യാപാരി എ.കെ. ധര്‍മരാജന്റേതാണു പണമെന്നാണു പരാതിയില്‍ പറഞ്ഞിരുന്നത്. ഇദ്ദേഹം മറ്റൊരു കാറില്‍ പണംകൊണ്ടുപോയ കാറിനെ പിന്തുടര്‍ന്നിരുന്നു.
എന്നാല്‍ കാറില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നുവെന്നും പ്രസ്തുത പാര്‍ട്ടിയുടെ ജില്ലാനേതാക്കള്‍ തന്നെയാണ് അപകടമുണ്ടാക്കി പണം തട്ടിയെടുത്തതിനു പിന്നിലെന്നുമാണു പുറത്തുവരുന്ന വിവരം. പണം തിരഞ്ഞെടുപ്പ് ആവശ്യത്തിനായി കര്‍ണാകടയില്‍നിന്നു കൊണ്ടുവന്നതാണെന്നുമാണു വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരം.
സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാക്കള്‍ ആരോപണവിധേയരായെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരോപണം സംബന്ധിച്ച പ്രതികരണത്തിനായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍ എന്നിവരെ നിരവധി തവണ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രതിനിധി വിളിച്ചെങ്കിലും ഫലമുണ്ടായില്ല.
Also Read: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇല്ല, വാരാന്ത്യ സെമി ലോക്ക്ഡൗൺ തുടരും
അതേസമയം, പണം സൂക്ഷിച്ചിരുന്ന കാറില്‍ താന്‍ യാത്ര ചെയതിരുന്നില്ലെന്നും ഡ്രൈവറുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ധര്‍മരാജന്‍ ആവര്‍ത്തിച്ചു. പണം നഷ്ടപ്പെട്ടതിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. പണം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപത്തിനായി കൊച്ചിയിലേക്കു കൊണ്ടുപോകുകയായിരുന്നുവെന്നു ധര്‍മരാജന്‍ അവകാശപ്പെട്ടതായിപൊലീസ് വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ശനിയാഴ്ച പരാതി നല്‍കി. കൊള്ളയടിച്ച തുക തെക്കന്‍ ജില്ലകള്‍ക്കുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ ഭാഗമാണെന്നു സലീം മടവൂര്‍ ഇഡിയ്ക്കു നല്‍കിയ പരാതിയില്‍ പറഞ്ഞു. കൊള്ളയടിച്ച യഥാര്‍ഥ തുക 10 കോടി രൂപയാണെന്നും 3.5 കോടി രൂപ എറണാകുളം ജില്ലയ്ക്കുള്ളതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ബിജെപിയുടെ ഹവാല ഇടപാടുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, പാലക്കാട്ടും ഇതേ തരത്തില്‍ പണം പണം തട്ടിയെടുക്കാന്‍ ആസൂത്രണം നടന്നിരുന്നതായും പൊളിയുകയായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പാലക്കാട്ടെ ജില്ലാനേതാക്കളായിരുന്നു ആസൂത്രണത്തിനു പിന്നിലെന്നാണു വിവരം.