തൃശൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തൃശൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. ജില്ലയില്‍ വിശ്വാസികള്‍ക്കായി ആരാധനാലയങ്ങള്‍ തുറക്കാന്‍ പാടില്ല. എന്നാല്‍ ആരാധനാലയങ്ങളിലെ ദൈനംദിന ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം.ദിവസേനയുള്ള പാല്, പത്രം, മത്സ്യം എന്നിവയുടെ വിതരണം രാവിലെ എട്ട് മണിക്ക് മുന്‍പ് നടത്തേണ്ടതാണ്. തപാല്‍ വിതരണവും അനുവദനീയമാണ്.
ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും, സഹകരണ ബാങ്കുകള്‍ തിങ്കള്‍ വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കാം. മിനിമം ജീവനക്കാരെ മാത്രം നിയോഗിച്ച് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് പ്രവര്‍ത്തന സമയം. മത്സ്യ-മാംസ വില്പന കേന്ദ്രങ്ങള്‍ക്ക് ബുധന്‍, ശനി ദിവസങ്ങളില്‍ തുറക്കാം. വിതരണം ആര്‍ആര്‍ടികള്‍, വാര്‍ഡ് തല കമ്മിറ്റികള്‍, ഹോം ഡെലിവറി എന്നിവ മുഖേന മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
കന്നുകാലിതീറ്റ, കോഴിതീറ്റ മുതലായവ വില്‍ക്കുന്ന കടകള്‍ക്ക് ചെവ്വാ, വ്യാഴം, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ആനകള്‍ക്കുള്ള പട്ട മറ്റ് ജില്ലകളില്‍ നിന്ന് കൊണ്ടു വരുന്നതിനും വിലക്കില്ല. പാചകവാതക വിതരണം, കേബിള്‍ സര്‍വ്വീസ്, ഡിറ്റിഎച്ച് മുതലായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. സാനിറ്റൈസര്‍, മാസ്ക് എന്നിവയുടെ നിര്‍മാണവും വിതരണവും നടത്താം.
Also Read: സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക 500 പേർ; ഇതൊരു വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി
ദന്തല്‍ ക്ലിനിക്കുകള്‍, പെട്രോള്‍ പമ്പ്, എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം. കൊയ്ത്ത് മെതി യന്ത്രങ്ങള്‍ പാടശേഖരങ്ങളിലേക്ക് കൊണ്ടു പോകുന്നത് അനുവദനീയമാണ്. കിടപ്പ് രോഗികള്‍ക്കും, പ്രായമായവര്‍ക്കും വേണ്ടിയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരാമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം തൃശൂരില്‍ ഇന്ന് 2,045 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 17,884 പേര് രോഗമുക്തി നേടുകയും ചെയ്തു. നിലവില്‍ ജില്ലയില്‍ 41,015 പേരാണ് ചികിത്സയില്‍ കഴിയുന്നത്.