തൃശൂർ: കേരളത്തിൽ വീണ്ടും കോവിഡ് മരണം. രോഗം സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശിയായ 43കാരനാണ് മരിച്ചത്. തൃശൂർ ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണമാണിത്. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 16 ആയി.

മാലദ്വീപില്‍ നിന്നെത്തി ചാലക്കുടിയിലെ ബന്ധുവീട്ടിൽ നിരീക്ഷണത്തിലായിരുന്നും ഇയാൾ. ഇതിനിടയിൽ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

തൃശൂർ ജില്ലയിൽ ഞായറാഴ്ചയും ഒരാൾ മരിച്ചിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 87കാരനാണ് ഇന്നലെ മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ച ഉടനെയായിരുന്നു മരണം. ഇയാളെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ‍ഡോക്ടർമാരടക്കം 40 പേർ നിരീക്ഷണത്തിലാണ്. മുംബൈയിൽ നിന്നെത്തിയ വയോധിക നേരത്തെ തൃശൂർ ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 27 പേർ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Read More: വെെറസ് ഉടൻ ഒഴിഞ്ഞുപോകില്ല, സൂക്ഷിച്ചാൽ മരണനിരക്ക് കുറയ്‌ക്കാം: ആരോഗ്യമന്ത്രി

ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ദ്രുതപരിശോധന നടത്താൻ സംസ്ഥാന ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ സാമൂഹ്യവ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് ദ്രുതപരിശോധന ഏറെ നിർണായകമാണ്. ലക്ഷണങ്ങളില്ലാത്ത രോഗികളെ തിരിച്ചറിയാൽ ദ്രുതപരിശോധനയിലൂടെ സാധിക്കും.

ഇന്നുമുതലാണ് പരിശോധന നടക്കുക. ആരോഗ്യപ്രവർത്തകരെയാണ് ആദ്യം പരിശോധിക്കുക. അതിനുശേഷം പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരെയും പരിശോധനയ്‌ക്ക് വിധേയമാക്കും. വഴിയോരക്കച്ചവടക്കാർ, വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ, 65 വയസ്സിനു മുകളിലുള്ളവർ എന്നിവരെയും ആന്റിബോഡി ടെസ്റ്റിനു വിധേയമാക്കും.

രക്തമെടുത്ത് പ്ലാസ്‌മ വേർതിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുതപരിശോധന നടത്തുക. അഞ്ച് എംഎൽ രക്തമാണ് പരിശോധനയ്‌ക്കായി എടുക്കുക. പരിശോധനയിൽ ഐജിജി പോസിറ്റീവ് ആയാൽ രോഗം വന്നിട്ട് കുറച്ച് നാളായെന്നും അതിനെതിരെയുള്ള പ്രതിരോധശേഷി അയാൾ നേടിയിട്ടുണ്ടെന്നും അനുമാനിക്കാം. അതേസമയം, ഐജിഎം പോസിറ്റീവ് ആണെങ്കിൽ ഇയാൾക്ക് രോഗം വന്നിട്ട് അധികം ദിവസം ആയിട്ടില്ലെന്നാണ് അർത്ഥം. ഇവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.