തൃശ്ശൂര്‍: ജില്ലയില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന പിന്‍വലിച്ച സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു. കളക്ടര്‍ ടിവി അനുപമ ഫെയ്സ്ബുക്കിലൂടെയാണ് ഈ വിവരം അറിയിച്ചത്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണം നടത്തിയ മുന്നൊരുക്കങ്ങളിലും മാറ്റം വരുത്തുമെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം, അറബിക്കടലിലെ ന്യൂനമര്‍ദം അടുത്ത 5 ദിവസം കേരളത്തില്‍ പലയിടത്തും മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുന്നൊരുക്കമെന്ന നിലയില്‍ അയല്‍ ജില്ലകളില്‍ ഡാമുകള്‍ തുറക്കുന്ന സാഹചര്യവുമുള്ളതിനാല്‍ ജില്ലാ ഭരണകൂടം വിഷയത്തില്‍ ജാഗ്രത തുടരുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം തൃശ്ശൂര്‍ ജില്ലയില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന അതി ശക്തമായ മഴയുടെ മുന്നറിയിപ്പ് പിന്‍വലിക്കുകയും സാധാരണ മഴ പെയ്യാനുള്ള സാധ്യത മാത്രം പ്രവചിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പുതിയ മുന്നറിയിപ്പ് പ്രകാരം ഒക്ടോബര്‍ 7 ന് യെല്ലോ അലര്‍ട്ട് മാത്രമാണുള്ളത്.
അതി തീവ്രമഴയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ ജില്ലാ ഭരണകൂടം ഒരുക്കിയിരുന്ന മുന്നൊരുക്കങ്ങള്‍ പുതുക്കിയ മുന്നറിയിപ്പനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയമാണ്.
അറബിക്കടലിലെ ന്യൂനമര്‍ദം അടുത്ത 5 ദിവസം കേരളത്തില്‍ പലയിടത്തും മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുന്നൊരുക്കമെന്ന നിലയില്‍ അയല്‍ ജില്ലകളില്‍ ഡാമുകള്‍ തുറക്കുന്ന സാഹചര്യവുമുള്ളതിനാല്‍ ജില്ലാ ഭരണകൂടം വിഷയത്തില്‍ ജാഗ്രത തുടരുന്നതാണ്.
ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അവധി പിന്‍വലിച്ചിട്ടുള്ളതാണ്.