ചാവക്കാട്: തൃശൂർ ജില്ലയിലെ ചാവക്കാട് അതീവജാഗ്രത നിർദേശം പുറപ്പെടുവിച്ചു. രോഗവ്യാപനതോത് വർധിക്കാൻ സാഹചര്യമുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജീവനക്കാർക്ക് കോവിഡ് ബാധിച്ചതോടെ ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരില്‍ ഒൻപത് പേര്‍ക്ക് രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ 24 ആയി.

കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം കൂട്ടി

തൃശൂർ ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം വർധിപ്പിച്ചു. മൂന്ന് പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ഇതോടെ ജില്ലയിൽ ആകെ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം 13 ആയി. അളഗപ്പനഗർ പഞ്ചായത്തിലെ മൂന്നും നാലും വാർഡുകൾ, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 15,16 വാർഡുകൾ, തോളൂർ പഞ്ചായത്തിലെ വാർഡ് 12 എന്നിവയാണ് പുതിയ സോണുകൾ. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്, ചാവക്കാട് നഗരസഭ, തൃശൂർ കോർപറേഷനിലെ 24 മുതൽ 34 വരെയുള്ള ഡിവിഷനുകളും 41-ാം ഡിവിഷനും ഉൾപ്പെട്ട പ്രദേശം, വടക്കേകാട്, അടാട്ട്, അവണൂർ, ചേർപ്പ്, തൃക്കൂർ ഗ്രാമപഞ്ചായത്തുകൾ, ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതൽ പത്ത് വരെയും 32 മുതൽ 41 വരെയുമുളള വാർഡുകൾ എന്നിവയും കണ്ടെയ്‌ൻമെന്റ് സോണുകളായി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവർ കുറവ്, പാലക്കാട് ജില്ലയിൽ 27 പേർക്ക് രോഗമുക്തി: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

ജില്ലയിൽ പുതിയ രോഗികൾ

തൃശൂർ ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ രണ്ട് ആരോഗ്യപ്രവർത്തകർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഏഴ് പേരുടെ ഫലം ഇന്ന് നെഗറ്റീവ് ആയി.

സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം

സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. 1340 പേരാണ് നിലവിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 2 പേര്‍ക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.