തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ബിജെപി നേതാവ് കള്ളനോട്ടടിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ബി.ജെ.പി പ്രവർത്തകനായ ശ്രീനാരായണപുരം അഞ്ചാംപരുത്തി പൂവ്വത്തുംകടവിൽ നവീനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസിലെ മുഖ്യപ്രതിയായ ഏരാശ്ശേരി രാജീവിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് നവീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ രാജീവിനെ ഒളിവിൽ പാർപ്പിച്ച തൃശ്ശൂർ സ്വദേശി അലക്സിനെ നേരത്ത പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി നേതാക്കളായ ഏരാശ്ശേരി രാഗേഷ്, രാജീവ്എന്നിവരുടെ വീട്ടിൽ നിന്നും ജൂൺ 22ന് പൊലീസ് നടത്തിയ റെയ്ഡിലാണ് വ്യാജകറന്‍സികളും കള്ളനോട്ടടി ഉപകരണങ്ങളും പിടിച്ചെടുത്തത്.
രാജേഷ് ഏരാച്ചേരിയുടെ വീട്ടിൽ നിന്ന് 9 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. 500,2000 രൂപ എന്നിവയുടെ വ്യാജനോട്ടുകളാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. നോട്ട് അടിക്കുന്നതിനായുള്ള മഷികളും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തി. വീടിന്റെ രണ്ടാം നിലയിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് നോട്ട് അച്ചടിക്കുന്ന യന്ത്രം സജ്ജീകരിച്ചിരുന്നത്. ബിജെപിയുടെ പല ചുമതലകളും വഹിക്കുന്ന കൊടുങ്ങല്ലൂരിലെ പ്രധാന നേതാവും കൂടിയായിരുന്നു രാജേഷ്. ബിജെപി ഒബിസി മോര്‍ച്ചയുടെ പ്രധാന ചുമതലകളും ഇദ്ദേഹം വഹിച്ചുവരുന്നുണ്ട്.