തൃശ്ശൂരിൽ ബിജെപിയുടെ ഒൻപത് പ്രാദേശിക നേതാക്കളെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കിയതായി റിപ്പോർട്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് നടപടിയെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു.
മുന്‍ കൗണ്‍സിലര്‍ ലളിതാംബിക അടക്കമുള്ളവർക്കെതിരെയാണ് പാർട്ടിയുടെ അച്ചടക്ക നടപടി. സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രന്റെ അറിവോടുകൂടിയാണ് തീരുമാനമെന്നും ഇത് സംബന്ധിച്ച വാർത്തകളിൽ പറയുന്നു.
തൃശൂർ കോർപറേഷനിൽ ബിജെപിസിറ്റിങ് സീറ്റായ കുട്ടൻകുളങ്ങര ഡിവിഷനിൽ ബി ഗോപാലകൃഷ്‌ണൻ പരാജയപ്പെട്ടത് പാർട്ടിയിൽ വലിയ ചർച്ചയായിരുന്നു. 241 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി എകെ സുരേഷിനോട് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന ഗോപാലകൃഷ്‌ണൻ തോറ്റത്. ഗോപാലകൃഷ്ണന്‍ തോറ്റ കുട്ടന്‍കുളങ്ങര ഡിവിഷനിലെ സിറ്റിങ് കൗണ്‍സിലറായിരുന്നു ലളിതാംബിക.
കുട്ടന്‍കുളങ്ങര ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഗോപാലകൃഷ്‌ണനെ തോൽപ്പിക്കാൻ എൽഡിഎഫ്-യുഡിഎഫ് ധാരണയുണ്ടായിരുന്നെന്ന് ബിജെപി ആരോപിക്കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിൽ തോല്‍ക്കുമെന്നതിന്റെ സൂചനകള്‍ വോട്ടെടുപ്പിന് മുൻപ് തന്നെ ഗോപാലകൃഷ്ണന്‍ നല്‍കിയിരുന്നു. തൃശൂര്‍ കോര്‍പറേഷനിൽ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നായിരുന്ന് ഗോപാലകൃഷ്ണൻ ആരോപിക്കുകയും ചെയ്തിരുന്നു.
കുട്ടന്‍കുളങ്ങരയില്‍ മികച്ച വിജയം നേടുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. ഇതിനെത്തുടർന്നാണ് ഗോപാലകൃഷ്ണനെ മത്സരിപ്പിച്ചത്.