തൃശൂർ: മൃതദേഹം ദഹിപ്പിക്കാനുള്ള അനുമതി നൽകി തൃശൂർ അതിരൂപത. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാനുള്ള അനുമതിയാണ് തൃശൂർ അതിരൂപത പ്രത്യേക സർക്കുലറിലൂടെ നൽകിയിരിക്കുന്നത്. പള്ളി സെമിത്തേരികളിൽ സ്ഥലമില്ലെങ്കിൽ മാത്രമേ ദഹിപ്പിക്കാവൂവെന്ന് തൃശൂർ അതിരൂപത അധ്യക്ഷൻ മാർ.ആൻഡ്രൂസ് താഴത്ത് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ദഹിപ്പിച്ച ശേഷം ഭൗതികാവശിഷ്ടം പള്ളി സെമിത്തേരിയിൽ പിന്നീട് അടക്കം ചെയ്യണമെന്ന നിബന്ധനയുണ്ട്. കോവിഡ് കാലത്തേക്ക് മാത്രമാണ് മൃതദേഹം ദഹിപ്പിക്കാൻ അനുമതി. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
Read Also: മഴ തുടരും; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
കോവിഡ് രോഗി മരിച്ചാൽ പന്ത്രണ്ടടി താഴ്ചയിൽ കുഴിയെടുക്കണമെന്നാണ് ചട്ടം. പല പള്ളി സെമിത്തേരികളിലും ഇത് പ്രായോഗികമല്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് തൃശൂർ അതിരൂപത വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കണം സംസ്കാരം നടക്കേണ്ടത്. മൃതദേഹം ദഹിപ്പിക്കുകയാണെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ അതിലെ ചാരം പള്ളി സെമിത്തേരിയിൽ സംസ്കരിക്കണം. സിവിൽ അധികാരികളുടെയും ബന്ധുക്കളുടെയും അനുമതിയോടെ മൃതദേഹം ദഹിപ്പിക്കേണ്ടത്.
മൃതദേഹം ദഹിപ്പിക്കുന്നതിനെ സംബന്ധിച്ച് കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ 2301 ഖണ്ഡികയിലെ വചനങ്ങൾ ഉദ്ധരിച്ചു കൊണ്ടാണ് സർക്കുലർ. ‘ശരീരത്തിന്റെ ഉയിർപ്പിലുള്ള വിശ്വാസത്തിൽ സംശയം പ്രകടിപ്പിക്കുന്നില്ലെങ്കിൽ ശവദാഹം അനുവദിക്കുന്നു. സഭാനിയമവും ഇത് അനുവദിക്കുന്നുണ്ട്.’
Read Also: കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ്: കേരളം പിന്നോട്ടില്ലെന്ന് സൂചന, അന്തിമ തീരുമാനം ഇന്ന്
തങ്ങളുടെ ശരീരം ദഹിപ്പിക്കണമെന്ന് തീരുമാനമെടുത്തവർ ക്രിസ്തീയ ജീവിതത്തിനു വിരുദ്ധമായ കാരണങ്ങളാലല്ല അങ്ങനെ ചെയ്തതെങ്കിൽ സഭാപരമായ മൃതസംസ്കാരം നൽകേണ്ടതാണ്. എങ്കിലും ദഹിപ്പിക്കുന്നതിനേക്കാൾ സംസ്കരിക്കുന്നതിനാണ് സഭ കൂടുതൽ മുൻഗണന കൊടുക്കുന്നതെന്ന് ശവസംസ്കാര ശുശ്രൂഷയിൽ വ്യക്തമാക്കണമെന്നും സർക്കുലറിൽ പറയുന്നു.
മാലിദ്വീപിൽ നിന്നെത്തി കോവിഡ് ബാധിച്ചു മരിച്ച ചാലക്കുടി സ്വദേശി ഡെന്നി ചാക്കോയുടെ മൃതദേഹം പള്ളിയിലെ കല്ലറയിൽ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ഭാഗത്തുനിന്ന് വലിയ എതിർപ്പ് ഉയർന്നിരുന്നു. മൃതദേഹം ദഹിപ്പിക്കാമോയെന്ന് പള്ളിക്കമ്മിറ്റിക്കാർ ആവശ്യം ഉന്നയിച്ചെങ്കിലും മതവിശ്വാസത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ സമ്മതിച്ചിരുന്നില്ല.