തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ അടാട്ട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ബാങ്ക് പ്രസിഡൻഡുമാരായിരുന്ന അനിൽ അക്കരയ്ക്ക് എതിരെയും അന്വേഷണം ഉണ്ടാവും. ബാങ്കിന്റെ പ്രസിഡൻഡായിരുന്ന സിഎൻ ബാലകൃഷ്ണന്റെ മരുമകനായ എംവി രാജേന്ദ്രന് എതിരെയും അന്വേഷണം ഉണ്ടാകും. അടാട്ട് ബാങ്കില്‍ വന്‍തോതില്‍ സാമ്പത്തിക ക്രമക്കേടും തിരിമറികളും നടന്നുവെന്ന സഹകരണ വകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

സംഘത്തിന്റെ അംഗത്വ രജിസ്റ്ററിലും അനുബന്ധരേഖകളിലും കൃത്രിമം നടത്തി, അര്‍ഹതയില്ലാത്തവര്‍ക്ക് വലിയ സംഖ്യ വായ്പ അനുവദിച്ചു നല്‍കി, ബാധ്യതാ രജിസ്റ്ററില്‍ ക്രമക്കേടുകള്‍ നടത്തി, കൃത്രിമരേഖകള്‍ ഉണ്ടാക്കി തുടങ്ങിയ കാര്യങ്ങള്‍ ജോയിന്റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് സൂചന. മാവേലിക്കര താലൂക്ക് സര്‍വ്വീസ് സഹകരണ ബാങ്ക്, തൃശ്ശൂര്‍ ജില്ലയിലെ തന്നെ പുത്തൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് എന്നിവിടങ്ങളില്‍ നടന്നതിന് സമാനമായ തട്ടിപ്പ് അടാട്ടും നടന്നെന്നാണ് പരാതി. അടുത്തിടെ ഭരണ സമിതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് അനിൽ അക്കര എം.എൽ.എ നിരാഹാര സമരം നടത്തിയിരുന്നു. ബാങ്കിലെ ക്രമക്കേടിനെപ്പറ്റി വിജിലൻസ് വിശദമായി അന്വേഷിക്കണം എന്നും അനിൽ അക്കരെ ഇന്ന് പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ