തൃശ്ശൂർ: വെളളിക്കുളങ്ങരയിൽ 80 കാരിയെ 91 കാരനായ ഭർത്താവ് തലയ്ക്കടിച്ച് കൊന്ന് കത്തിച്ചു. പ്രതി ചെറിയകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് മൂന്നുദിവസത്തിനുശേഷമാണ് വിവരം പുറംലോകം അറിഞ്ഞത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴി.

ഇന്നലെ വൈകിട്ടാണ് വീട്ടുവളപ്പിൽനിന്നും 80 കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ പൊലീസ് കണ്ടെത്തിയത്. തലയോട്ടി മാത്രമാണ് അവശേഷിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് കൊല നടത്തിയതെന്നാണ് ഭർത്താവ് ചെറിയകുട്ടി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഏറെ നാളായി ഇരുവരും തമ്മിൽ തർക്കമായിരുന്നു. ഞായറാഴ്ച തർക്കം മൂർച്ഛിക്കുകയും ഭാര്യയെ വടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. അതിനുശേഷം തുണിയിൽ കെട്ടി മൃതദേഹം മുകളിലത്തെ നിലയിൽനിന്നും താഴെ എത്തിക്കുകയും വീടിനു പുറകിലത്തെ ഷെഡ്ഡിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. ഭാര്യയുടെ കഴുത്തിൽ കിടന്ന ആറു പവൻ തൂക്കമുളള മാല വീടിനു അടുത്തുളള പറമ്പിൽ കുഴിച്ചിട്ടുവെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.

അമ്മയെ കാണാനില്ലാത്തതോടെ മക്കൾ തിരക്കിയെങ്കിലും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയെന്നാണ് പ്രതി പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ആയിട്ടും അമ്മയെ കാണാതായതോടെയാണ് മക്കൾ പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്.

അതേസമയം, കൊലപാതകത്തിൽ സംശയമുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. 91 കാരനായ പ്രതിക്ക് ഒറ്റയ്ക്ക് കുറ്റകൃത്യം നടത്താൻ കഴിയില്ലെന്നും ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്നുമാണ് നാട്ടുകാരുടെ വാദം. അതേസമയം, താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴി. കൊലപാതകത്തിന് മക്കളുടെ ആരുടെയും സഹായം ലഭിച്ചിട്ടില്ല. വർഷങ്ങളായി ഭാര്യയുമായി കലഹം ഉണ്ടായിരുന്നു. ജീവിതത്തിൽ ഒരുനിമിഷം പോലും ഭാര്യ സ്വസ്ഥത തന്നിട്ടില്ല. പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ അറിയാതെ തലയ്ക്കടിച്ച് പോവുകയായിരുന്നുവെന്നുമാണ് പ്രതിയുടെ മൊഴി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.