കൊച്ചി: പിടിഎ മീറ്റിങ്ങില്‍ സ്കൂളിന്‍റെ ശോചനീയാവസ്ഥയെക്കുറിച്ച് പരാതിപ്പെട്ട രക്ഷിതാക്കളുടെ മക്കളെ അധ്യാപകര്‍ പീഡിപ്പിക്കുന്നതായി പരാതി. പ്രതിഷേധവുമായി സ്കൂളിന് മുന്നില്‍ അമ്മയുടെയുടെയും മക്കളുടെയും അനിശ്ചിതകാല നിരാഹാരസമരം. എറണാകുളം തൃപ്പൂണിത്തുറയിലെ ശ്രീനാരായണ വിദ്യാപീഠം സിബിഎസ്ഇ സ്കൂളിലെ മൂന്ന് കുട്ടികളുടെ അമ്മയാണ് നിരാഹാരസമരം നടത്തുന്നത്.

വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച അധ്യാപകരെ പുറത്താക്കുക, കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക, സ്കൂളിന്‍റെ അനധികൃത പണപ്പിരിവ് നിര്‍ത്തുക, കുട്ടികള്‍ക്ക് ആവശ്യമായ ശൗചാലയം നിര്‍മിക്കുക, ക്ലാസ് മുറികളുടെ നിലവാരം മെച്ചപ്പെടുത്തുക, ഷീറ്റിട്ട മച്ചുകള്‍ മാറ്റി കോണ്‍ക്രീറ്റ് ആക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചാണ് രക്ഷിതാവായ റംല അനിശ്ചിതകാല നിരാഹാരമിരിക്കുന്നത്.

ഡിസംബര്‍ ആദ്യം നടന്ന പിടിഎ ജനറല്‍ ബോഡി മീറ്റിങ്ങില്‍ റംലയും ഭര്‍ത്താവും സ്കൂളിന്‍റെ ശോചനീയാവസ്ഥയെക്കുറിച്ച് പരാതിപ്പെട്ടതാണ് അധികൃതരെ പ്രകോപിപ്പിച്ചത്. മീറ്റിങ്ങിൽ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ടതോടെ പ്രകോപിതരായ മാനേജ്മെന്‍റ് മൈക്ക് ഓഫ് ചെയ്യുകയായിരുന്നു ചെയ്തത് എന്ന് റംല പറയുന്നു. ” സാധാരണയായി രക്ഷിതാക്കള്‍ ഒറ്റപ്പെട്ട് പോയാണ് പരാതികള്‍ പറഞ്ഞിരുന്നത്. അന്ന് തങ്ങള്‍ സ്കൂളില്‍ അടിസ്ഥാന സൗകര്യം പോലുമില്ല എന്നൊക്കെ മൈക്കില്‍ പറഞ്ഞതോട് കൂടി അദ്ധ്യാപകരും സ്കൂള്‍ മാനേജ്മെന്റും പ്രകോപിതരാവുകയും ജനറല്‍ ബോഡി രക്ഷിതാക്കളും മാനേജ്മെന്റും തമ്മിലുള്ള കൈയ്യാങ്കളിയില്‍ വരെ കാര്യങ്ങൾ എത്തുകയും ചെയ്തു.” റംല പറഞ്ഞു.

ഭീമമായ തുക ഫീസിനത്തില്‍ ഈടാക്കുന്ന സ്കൂളില്‍ കുട്ടികള്‍ക്ക് അടിസ്ഥാന സൗകാര്യങ്ങള്‍പോലുമില്ല എന്നാണ് രക്ഷിതാക്കളുടെ പരാതി. ” നഴ്സറി മുതല്‍ പ്ലസ് ടു വരെയായി ഏതാണ്ട് 1500 ഓളം കുട്ടികളുള്ള സ്കൂളാണ് ശ്രീ നാരായണ വിദ്യാപീഠം. ഇത്രയും കുട്ടികള്‍ക്കായി ഇവിടെയുള്ളത് ഒരേയൊരു കക്കൂസാണ്. ആണ്‍കുട്ടികള്‍ക്ക് ഒരു മൂത്രപ്പുരയും. വാങ്ങിക്കുന്ന ഫീസിനനുസരിച്ച് കുട്ടികള്‍ക്ക് സൗകര്യവും ഒരുക്കണം എന്ന് മാത്രമാണ് ഞങ്ങളുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടതു മുതല്‍ പ്രതികാരബുദ്ധിയോടെയാണ് സ്കൂള്‍ മാനേജ്മെന്റും അദ്ധ്യാപകരും എന്‍റെ മക്കളോട് പെരുമാറുന്നത്.” റംല ആരോപിക്കുന്നു.

വിദ്യാര്‍ഥിയുടെ പുറത്ത് അദ്ധ്യാപകന്‍ മര്‍ദ്ദിച്ച പാട്

സ്കൂളില്‍ നടക്കുന്ന ചട്ടലംഘനങ്ങളെയും അവകാശലംഘനങ്ങളെയും കുറിച്ച് വേറെയും പരാതികളുണ്ട്. സിബിഎസ്ഇ അനുശാസിക്കുന്ന ‘ബില്‍ഡിങ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്’ ലഭിക്കാനുള്ള അര്‍ഹത പോലുമില്ലാത്ത കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂളിലെ നാലഞ്ച് കെട്ടിടങ്ങളുടെ മച്ച് ഷീറ്റിട്ട നിലയിലാണ് കാലങ്ങളായുളളത്. മിക്കവാറും ക്ലാസ് മുറികളില്‍ ഫാന്‍ പോലുമില്ല എന്നും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. മുതിര്‍ന്ന കുട്ടികള്‍ പരാതിപറയും എന്നതിനാല്‍ അവരെ കോണ്‍ക്രീറ്റ് മച്ചുള്ള ക്ലാസ് മുറികളില്‍ ഇരുത്തിയിട്ട് ചെറിയ കുട്ടികളെയാണ് ഇത്തരം ‘ആവി പറക്കുന്ന’ ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്നതെന്ന് റംല പരാതിപ്പെട്ടു.

പിടിഎ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വിമര്‍ശനം ഉയര്‍ത്തിയതിന്‍റെ പേരില്‍ ശ്യാം കുമാര്‍ എന്ന അധ്യാപകന്‍
റംലയുടെ ആറാം ക്ലാസുകാരനായ മകന്‍ ആല്‍ബിന്‍ ആര്‍.ബോബിയെ മര്‍ദ്ദിച്ചതായി നേരത്തെ തന്നെ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. അതിന്‍റെ പേരില്‍ അദ്ധ്യാപകന്‍ ഇപ്പോഴും സസ്പെന്‍ഷനിലാണ് എന്നും റംല പറയുന്നു. ” ഡിസംബര്‍ 19-ാം തീയതിയാണ് അധ്യാപകനെതിരെ നടപടി വരുന്നത്. ഇത് കഴിഞ്ഞ് 3-4 ദിവസം മുന്‍പ് നീയൊക്കെ അദ്ധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍ വാങ്ങികൊടുക്കാന്‍ നടക്കുകയല്ലേ എന്ന് പറഞ്ഞുകൊണ്ട് എന്‍റെ മൂത്തമകനെ (പ്ലസ് വൺ വിദ്യാർത്ഥി അജയ് ആർ.ബോബി) ഒരു അധ്യാപിക പിടിച്ച് ഉന്തുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. എനിക്കെതിരെയും പരാതി കൊടുക്ക് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അധ്യാപിക അങ്ങനെ ചെയ്തത്” റംല ആരോപിക്കുന്നു. ഈ ദൃശ്യങ്ങള്‍ സ്കൂളിന്‍റെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട് എന്നും രക്ഷിതാവ് പറയുന്നു.

ഇന്ന് രാവിലെ മുതലാണ്‌ മൂന്ന് മക്കളോടൊപ്പം റംല സ്കൂളിനു മുന്നില്‍ നിരാഹാരസമരം ആരംഭിക്കുന്നത്. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും പൊലീസും രാഷ്ട്രീയക്കാരും പരിഹാരത്തിന് ശ്രമിച്ചുവെങ്കിലും രക്ഷിതാവിനോട് ‘ഒരിക്കല്‍ സംസാരിക്കുവാന്‍ കൂടി സ്കൂള്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ല’ എന്നാണ് മറ്റൊരു രക്ഷിതാവായ നിജോ പറഞ്ഞത്. “ഈ വഴി പോകുമ്പോവാണ് അവരിവിടെ ഇരിക്കുന്നത് കണ്ടത്. ഇവരുടെ പരാതികള്‍ ന്യായമാണ്. സ്കൂളിന്‍റെ ശോചനീയാവസ്ഥ എല്ലാവര്‍ക്കും അറിയുന്നതാണ്. അത് പരാതിപ്പെട്ടതിന് കുട്ടികള്‍ക്കെതിരെ പകപോക്കുന്ന മാനേജ്മെന്റ് നയം അംഗീകരിക്കാനാകില്ല. എത്ര ഭീമമായ തുകയാണ് ഓരോ വര്‍ഷവും അവര്‍ ഫീസ്‌ ഇനത്തില്‍ ഈടാക്കുന്നത് എന്നുകൂടി ഓര്‍ക്കണം.” നിജോ പറഞ്ഞു.

റംലയുടെ മൂന്ന് മക്കളാണ് ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്. പ്ലസ് വണ്ണിലും ആറാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന ഓരോരുത്തര്‍ക്കും പ്രതിമാസം 1500 രൂപയ്ക്ക് അടുത്ത് ഫീസിനത്തില്‍ നൽകുന്നുണ്ട്. മൂന്ന് മാസം കൂടുമ്പോള്‍ 10000 ഓളം രൂപയാണ് റംല അടയ്ക്കുന്നത്.

ഇതിനുപുറമേ ഫീസിതരമായും പണം ഈടാക്കുന്നതായി റംല പരാതിപ്പെടുന്നു. “ഇപ്പോള്‍ ഇവിടെ ആനുവല്‍ ഡേ നടക്കുകയാണ്. അതിന്‍റെ പേരില്‍ സ്കൂളിലെ ഒരു കുട്ടിയില്‍ നിന്നും 150 രൂപ വീതമാണ് ഈടാക്കുന്നത്. സ്റ്റേജ് കെട്ടാന്‍ എന്ന പേരില്‍ പിരിക്കുന്ന ഈ തുകയ്ക്കൊന്നും ഒരു രസീത് പോലുമില്ല.” ഇക്കാര്യത്തിലൊന്നും ഇടപെടാന്‍ സ്കൂളില്‍ സുതാര്യമായൊരു പിടിഎ പോലുമില്ലെന്നും റംല ആരോപിക്കുന്നു. സ്കൂളിലുള്ളത് അധ്യാപകര്‍ മാത്രമുള്ള പിടിഎ ആണൈന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതുതന്നെയാണ് മറ്റൊരു രക്ഷിതാവായ നിജോയും സാക്ഷ്യപ്പെടുത്തുന്നത്. “ഈ സ്കൂളില്‍ ഒരു പിടിഎ ഉള്ളതായി ആര്‍ക്കുമറിയില്ല.” നിജോ പറഞ്ഞു.

സ്കൂള്‍ അധികൃതരുടെ പ്രതികരണത്തിനായി ഓഫീസ് ഫോണില്‍ ബന്ധപ്പെട്ടു എങ്കിലും ആരും പ്രതികരിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.