/indian-express-malayalam/media/media_files/uploads/2017/06/swaraj.jpg)
വായിച്ച് തീർക്കാൻ തന്നെ സമയമെടുക്കും, തൃപ്പൂണിത്തുറ എംഎൽഎ എം.സ്വരാജിന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒരു വർഷം കൊണ്ട് നിയമസഭാ സാമാജികനെന്ന നിലയിൽ തൃപ്പൂണിത്തുറ മണ്ഡലത്തിന് വേണ്ടി എന്തൊക്കെ ചെയ്തുവെന്നതാണ് നെടുനീളൻ പോസ്റ്റിൽ എംഎ.എ കുറിച്ചത്. വൈറലായി മാറിയ പോസ്റ്റിന് കീഴിൽ പക്ഷെ ഒറ്റ വിമർശനവും എംഎൽഎ യ്ക്ക് എതിരായി വന്നില്ലെന്നതാണ് ശ്രദ്ധേയം.
"തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ദിവസങ്ങളിൽതന്നെ തൃപ്പൂണിത്തുറയിലെ ജനങ്ങൾ അവരിലൊരാളായി എന്നെ അംഗീകരിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ വലിയ വിശ്വാസവും പ്രതീക്ഷയുമാണ് ജനങ്ങൾ അർപ്പിച്ചത്. കാൽനൂറ്റാണ്ടുകാലം യു.ഡി.എഫ് ജയിച്ചുവന്ന തൃപ്പുണിത്തുറയിൽ ഇടതുപക്ഷം വിജയിക്കുമ്പോൾ ജനങ്ങളുടെ വിശ്വാസത്തിനും പ്രതീക്ഷയ്ക്കും പോറലേൽക്കാതെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ജനപ്രതിനിധി എന്ന നിലയിൽ എനിക്കുണ്ട്. ഇക്കഴിഞ്ഞ ഒരു വർഷം ആ ഉത്തരവാദിത്തം നിർവ്വഹിക്കാനുള്ള ശ്രമമാണ് ഞാൻ നടത്തിയത്" എന്നാണ് എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ചത്.
തൃപ്പൂണിത്തുറയിലെ ടോൾ കൊള്ള അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ തന്നെ ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. മൂന്ന് ഘട്ടം കൊണ്ട് ടോൾ പിരിവ് നിർത്താൻ സാധിച്ചുവെന്ന് എംഎൽഎ വ്യക്തമാക്കി. എരൂർ ഓവർബ്രിഡ്ജിനും ടോളില്ലെന്ന് വന്നതോടെ തൃപ്പൂണിത്തുറ ടോൾ ഫ്രീ സിറ്റി ആയി മാറിയെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി.
വൈക്കം റോഡ് വികസനത്തിനായി 300 കോടി അനുവദിച്ചതും ഉദയംപേരൂരിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സ്ഥിരം തടയണ നിർമ്മിക്കാൻ എട്ട് കോടി അനുവദിച്ചതും കുമ്പളം-തേവര പാലത്തിനായി 100 കോടി അനുവദിച്ചതും കുണ്ടന്നൂർ മേൽപ്പാലത്തിന് 90 കോടി അനുവദിച്ചതും തൃപ്പൂണിത്തുറ ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ പത്ത് കോടി ചിലവ് വരുന്ന വികസന പ്രവർത്തനങ്ങളും നേട്ടങ്ങളുടെ പട്ടികയിലുണ്ട്.
ഗാന്ധി സ്‌ക്വയർ മുതൽ മിനിബൈപ്പാസ് - കണ്ണംകുളങ്ങര - പുതിയകാവ് - പൂത്തോട്ടറോഡ് - ലിങ്ക് റോഡ് - മരട് കേട്ടേഴുത്ത് കടവ് - ഗ്രിഗോറിയൻ സ്‌കൂൾ വരെയുള്ള റോഡ് അഭിവൃദ്ധിപ്പെടുത്തൽ (15 കോടി). എരൂർ - കണിയാംപുഴ റോഡ് (76 ലക്ഷം), ഉദയംപേരൂർ - കുരീക്കാട് റോഡ് (90.5 ലക്ഷം), മിനി ബൈപ്പാസ് റോഡിലെ നടപ്പാതയുടെയും ഡ്രെയിനേജിന്റെയും നിർമ്മാണം (1 കോടി 81 ലക്ഷം), കണ്ണംകുളങ്ങര റോഡ് - സംസ്‌കൃത റോഡ്- ചക്കംകുളങ്ങര റോഡ് നവീകരണവും നടപ്പാതയുടെയും ഡ്രെയിനേജിന്റെയും നിർമ്മാണവും (2 കോടി 71.5 ലക്ഷം ), നടക്കാവ് - മുളന്തുരുത്തി റോഡ് (1 കോടി 62.9 ലക്ഷം), നെട്ടൂർ - പനങ്ങാട് റോഡ് (1 കോടി 88 ലക്ഷം രൂപ), കുമ്പളങ്ങി - പെരുമ്പടപ്പ് റോഡ് (2 കോടി 98 ലക്ഷം), മാടവന - പനങ്ങാട് (94 ലക്ഷം) എന്നിങ്ങനെയാണ് റോഡുകൾക്ക് അനുവദിച്ച തുക.
ഇങ്ങിനെ നീണ്ടുപോകുന്ന എംഎൽഎ യുടെ ഫെയ്സ്ബുക്ക് പോസ്റ്റിനോട് ഇതുവരെ 7500 ലധികം പേരാണ് പ്രതികരിച്ചത്. 700 ഓളം കമന്റുകൾ ഉള്ളതിൽ വിമർശനങ്ങൾ തീരെയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.