ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ ഉടൻ തന്നെ ശബരിമലയിൽ എത്തുമെന്ന് സാമൂഹിക പ്രവർത്തക തൃപ്‍തി ദേശായി. ഒരുകൂട്ടം സ്ത്രീകളുമായി മണ്ഡലകാലത്ത് തന്നെ ശബരിമലയിൽ പ്രവേശിക്കുമെന്ന് പറഞ്ഞ അവർ എന്നാൽ എന്ന് എത്തുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും വ്യക്തമാക്കി.

സ്ത്രീകൾക്ക് നീതി ലഭിക്കുന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. സ്ത്രീകൾ ശബരിമലയിൽ എത്തിയാൽ ആചാരങ്ങൾ ലംഘിക്കപ്പെടുമെന്നത് അടിസ്ഥാനരഹിതമായ വാദമാണ്. അയ്യപ്പഭക്തരുടെ അഭിപ്രായം കൂടെ കേട്ട ശേഷമാണ് കോടതി വിധി. ഇതിന് ശേഷവും സമരം ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും തൃപ്‍തി ദേശായി പറഞ്ഞു.

സുപ്രീംകോടതി വിധിക്കെതിരെ നടക്കുന്ന സമരങ്ങളും പ്രതിഷേധങ്ങളും അനാവശ്യമാണെന്ന് പറഞ്ഞ തൃപ്തി ദേശായി ശബരിമലയിൽ സ്ത്രീകളെ തടയുന്നത് കോടതിയലക്ഷ്യമാകുമെന്നും കൂട്ടിച്ചേർത്തു. ഇത്തരസമരങ്ങൾകൊണ്ട് കോൺഗ്രസും ബിജെപിയും എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

ഭൂമാതാ ബ്രിഗേഡ് എന്ന സ്ത്രീപക്ഷ സംഘടന നേതാവായ തൃപ്‍തി ദേശായി നേരത്തെയും ശബരിമലയിൽ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിലെ ശനിശിംഘ്നാപുർ ക്ഷേത്രം, ഹാജി അലി ദർഗ്ഗ, പൂനെ മഹാലക്ഷ്‍മി ക്ഷേത്രം എന്നിവിടങ്ങളിൽ സ്ത്രീപ്രവേശനം സാധ്യമാക്കിയ ശേഷമാണ് തൃപ്‍തി ദേശായിയും കൂട്ടരും ശബരിമലയിൽ എത്തുന്നത്.

അതേസമയം ശബരിമലയില്‍ പ്രവേശിക്കുമെന്ന തൃപ്‍തി ദേശായിയുടെ പ്രഖ്യാപനം എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. വിശ്വാസികളോടുള്ള വെല്ലുവിളിയാണിതെന്നും അപകടകരമായ ഈ വെല്ലുവിളിയില്‍നിന്ന് തൃപ്തി പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃപ്തിയെ തടയണമോ എന്ന കാര്യം തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണെന്ന് പറഞ്ഞ അദ്ദേഹം ആ തീരുമാനത്തെ ബി.ജെ.പി പിന്തുണക്കുമെന്നും വ്യക്തമാക്കി. തൃപ്തിയുടെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ വിശ്വാസി എന്ന രീതിയിലല്ല. വിശ്വാസികളെ വെല്ലുവിളിക്കാനാണെന്നും പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചു.

ബി.ജെ.പി ഭരണഘടനാ ലംഘനം നടത്തിയെന്ന തൃപ്തിയുടെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും , ഭരണഘടനാ ലംഘനം നടത്തിയെന്ന് പറയാന്‍ അവര്‍ ഭരണഘടനാ വിദഗ്‌ധയാണോ എന്നും ശ്രീധരന്‍പിള്ള ചോദിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ