scorecardresearch

നിര്‍മാണത്തിലുള്ള പാലത്തില്‍നിന്നു വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം: അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റില്‍

അന്ധകാരത്തോടിനു കുറുകെയുള്ള പാലത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഏരൂർ സ്വദേശി വിഷ്ണു (28)വാണു മരിച്ചത്

അന്ധകാരത്തോടിനു കുറുകെയുള്ള പാലത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഏരൂർ സ്വദേശി വിഷ്ണു (28)വാണു മരിച്ചത്

author-image
WebDesk
New Update
hrippunithura, bridge bike accident death, PWD assistant engineer arrested

കൊച്ചി: തൃപ്പുണിത്തുറയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍നിന്നു കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റില്‍. പാലം വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനീത വര്‍ഗീസാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

Advertisment

മാര്‍ക്കറ്റ് റോഡിലെ അന്ധകാരത്തോടിനു കുറുകെ നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഏരൂർ വടക്കേ വൈമീതി വാലത്തു വീട്ടില്‍ മാധവന്റെയും തിലോത്തമയുടെയും മകന്‍ സ്വദേശി വിഷ്ണു (28)വാണു മരിച്ചത്. കൂടെ യാത്ര ചെയ്ത സുഹൃത്ത് ആദര്‍ശ് (22) ഗുരുതരമായ പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നട്ടെല്ലിനാണു പരുക്ക്. സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് അപകടത്തിനിടയാക്കിയത്.

അശ്രദ്ധ കാരണം സംഭവിക്കുന്ന മരണം ആരോപിച്ച് ഇന്ത്യന്‍ ശിക്ഷാ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പ് പ്രകാരമാണ് അസിസ്റ്റന്റ് എന്‍ജിനീയറെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പൊലീസ് ജാമ്യത്തില്‍ വിട്ടു. കേസില്‍, ഓവര്‍സീയര്‍ ഇരുമ്പനം വേലിക്കകത്ത് വീട്ടില്‍ സുമേഷ് (44), കരാറുകാരന്‍ മൂവാറ്റുപുഴ പണ്ടപ്പിള്ളി വര്‍ക്കിച്ചന്‍ കെ വളമറ്റം (31) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

മനഃപൂര്‍വമല്ലാത്ത നരഹത്യാക്കേസാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

Advertisment

Also Read: ക്ലിഫ് ഹൗസിലേക്ക് പോപ്പുലർ ഫ്രണ്ട് മാർച്ച്; തടഞ്ഞ് പൊലീസ്, സംഘർഷം

കൊച്ചി ബിപിസിഎല്ലില്‍ കരാര്‍ ജീവനക്കാരനായിരുന്ന വിഷ്ണു ആദര്‍ശിനൊപ്പം സുഹൃത്തിന്റെ വീട്ടില്‍നിന്ന് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്. പുതിയ കാവ് ഭാഗത്തുനിന്ന് എത്തിയ ബൈക്ക് പാലത്തില്‍ വന്നിടിച്ച് താഴേക്കു മറിയുകയായിരുന്നു. സുരക്ഷാ മുന്നറിയിപ്പുകള്‍ സ്ഥാപിക്കാതിരുന്ന ഇവിടെ രണ്ട് വീപ്പകള്‍ മാത്രമാണ് നിര്‍മാണ സൂചനയായി ഉണ്ടായിരുന്നത്. ആറു മാസത്തിലേറെയായി പാലം നിര്‍മാണം നടക്കുകയാണ്.

സംഭവത്തില്‍ ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സീയര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കിയിരുന്നു.

ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുണ്ടാകില്ലെന്നും തെറ്റു ചെയ്തവരെ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.

''പണി നടക്കുന്ന സ്ഥലങ്ങളില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നു നേരത്തേ തന്നെ നിര്‍ദേശം നല്‍കിയതാണ്. ഇതില്‍ അനാസ്ഥ വരുത്തുന്നത് ഒരുതരത്തിലും വച്ചു പൊറുപ്പിക്കാനാകില്ല. മനുഷ്യന്റെ ജീവനും സുരക്ഷിതത്വത്തിനുമാണ് പ്രധാനം. എല്ലാ ജില്ലകളിലും പരിശോധന ശക്തമാക്കാന്‍ ചീഫ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെയ്യേണ്ട ഉത്തരവാദിത്വം നിര്‍വഹിക്കാത്ത ഉദ്യോഗസ്ഥരെ എന്ത് ചെയ്യണം. ഇങ്ങനെയൊക്കെയെ ജോലി ചെയ്യാന്‍ കഴിയൂവെന്ന് ചിന്തിക്കുന്നവര്‍ ഇങ്ങനെയൊന്നും പോകാന്‍ പറ്റില്ല എന്ന് മനസിലാക്കണം. തിരുത്തേണ്ടവര്‍ തിരുത്തുക, അല്ലാത്തവര്‍ നടപടി നേരിടണം,'' മന്ത്രി പറഞ്ഞു.

Death Arrest Muhammed Riyaz

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: