തിരുവനന്തപുരം: തൃക്കാക്കരയില്‍ നടന്നത് കെ റെയിലിന്റെ ഹിത പരിശോധനയല്ലെന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അനുമതി ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ഫലമല്ലമുണ്ടായത്. ഇടതുമുന്നണിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ വോട്ട് ലഭിച്ചു. ഇടതുവിരുദ്ധ ശക്തികളെ ഒന്നിച്ചുനിര്‍ത്താന്‍ യു ഡി എഫിനു സാധിച്ചു. പരാജയം അംഗീകരിക്കുന്നു. ജാഗ്രതയോടെ പ്രവര്‍ത്തിക്കാനുള്ള മുന്നറിയിപ്പായി ജനവിധിയെ കാണും. പരിശോധിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന്റേതു വലിയ പരാജയമല്ല, അടിത്തറ തകര്‍ന്നിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അനുസരിച്ച് ഇടതു മുന്നണിക്ക് 2244 വോട്ട് വര്‍ധിച്ചു. യു ഡി എഫിനും വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ബി ജെ പി, ട്വന്റി ട്വന്റി പോലുള്ള ചെറു പാര്‍ട്ടികളുടെ വോട്ട് യുഡിഎഫിനു ലഭിച്ചു. 15,483 വോട്ടാണ് ബിജെപിക്കു കഴിഞ്ഞ തവണ വഭിച്ചത്. ഇത്തവണ 12,995 ആയി കുറഞ്ഞു. ട്വന്റി ട്വന്റിക്കു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 17,890 വോട്ടുണ്ടായിരുന്നു.
യു ഡി എഫിനെ നിസാരമായി കാണേണ്ടതില്ല. സംസ്ഥാനത്ത് 30 സീറ്റിലെങ്കിലും ജയിക്കാവുന്ന സ്ഥിതി കോണ്‍ഗ്രസിനുണ്ട്. അത്തരത്തിലൊന്നാണ് തൃക്കാക്കര. ശക്തികേന്ദ്രങ്ങളില്‍ ജയിക്കുക എളുപ്പല്ല. കോണ്‍ഗ്രസിന് സ്വാധീനമുള്ള ജില്ലകളിലൊന്നാണ് എറണാകുളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും എറണാകുളം ജില്ല ഇടതുപക്ഷത്തിന് അനുകൂലമായിരുന്നില്ല. അത് പ്രത്യേകം പഠിക്കും. ബൂത്ത് തലം വരെ പരിശോധന നടത്തും.
ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ എല്ലാം പോയെന്നോ ജയിച്ചാല്‍ എല്ലാം ലഭിച്ചുവെന്നോ കരുതുന്നവരല്ല തങ്ങള്‍. പാര്‍ലമെന്റില്‍ 20 ല്‍ 19 ഉം എല്‍ ഡി എഫ് തോറ്റു. എന്നിട്ടും പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായി തിരികെ വരാന്‍ സാധിച്ചു.
തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ആശുപത്രിയില്‍ വച്ചല്ല, പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു. പ്രാദേശിക നേതാക്കളെ മാറ്റി നിര്‍ത്തിയിട്ടല്ല, അവരെ കൂടി കൂട്ടിയിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മാധ്യമങ്ങള്‍ യുഡിഎഫിനൊപ്പമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
എല്‍ ഡി എഫിനു ലീഡ് 22 ബൂത്തുകളില്‍ മാത്രം
തൃക്കാക്കരയില്‍ ഉമ തോമസിന്റെ വിജയം 25,016 വോട്ടിന്. ഉമ 72,770 വോട്ട് നേടിയപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനു ലഭിച്ചതു 47754 വോട്ട്. എന്‍ ഡി എ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനു ലഭിച്ചതു 12,957 വോട്ട്. 239 ബൂത്തുകളില്‍ 215 ബൂത്തുകളിലും ഉമ ലീഡ് നേടി. ജോ ജോസഫിനു ലീഡ് ലഭിച്ചതു 23 ബൂത്തുകളില്‍ മാത്രം. ഒരു ബൂത്തിൽ ഇരു മുന്നണികളും സമാസമം.