കൊച്ചി: തൃക്കാക്കരയില്‍ വോട്ടെടുപ്പിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, പ്രചാരണരംഗത്ത് പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ് നടിയെ ആക്രമിച്ച കേസ്. നടി ആക്രമിക്കപ്പെട്ട സംഭവം പൊലീസ് കേസാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് തൃക്കാക്കര എംഎല്‍എയായിരുന്ന അന്തരിച്ച പി ടി തോമസാണെന്നതും അതേ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വിഷയം വീണ്ടും ചര്‍ച്ചയാകുന്നുവെന്നതും യാദൃച്ഛികമാണെങ്കിലും അത് പ്രചാരണത്തിന്റെ ഭാഗമാണെന്നതു വസ്തുതയാണ്.
കേസില്‍ പിടി തോമസിന്റെ ഇടപെടല്‍ ചൂണ്ടിക്കാട്ടി പ്രചാരണത്തിന്റെ തുടക്കം മുതല്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ചര്‍ച്ച അതിജീവിത ഹൈക്കോടതിയില്‍ പരാതി നല്‍കിയതോടെയാണു പുതിയ ഘട്ടത്തിലേക്കു കടന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമമെന്നും പ്രതി ദിലീപിനു ഭരണമുന്നണിയുമായി ഗൂഢബന്ധമെന്നും ആരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍ ഇന്നലെയാണു പരാതി നല്‍കിയത്.
ഇതിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്നു രംഗത്തുവന്നതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സിപിഎമ്മിനെ ആക്രമിക്കുന്ന സ്ഥിതിയിലേക്കു വന്നു. ഇതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഭരണമുന്നണി നേതാക്കള്‍ കൂട്ടത്തോടെ നടിക്കെതിരെ തിരിഞ്ഞു. വിഷയത്തില്‍ ഇരു മുന്നണിയിലെയും നേതാക്കള്‍ ഇന്നു നടത്തിയ പ്രതികരണങ്ങള്‍ ഇങ്ങനെ:
ഹര്‍ജിക്കു പിന്നില്‍ പ്രത്യേക താല്‍പര്യമുണ്ടോയെന്നു പരിശോധിക്കണം: ഇ പി ജയരാജന്‍
നടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കു പിന്നില്‍ പ്രത്യേക താല്‍പ്പര്യമുണ്ടോയെന്നു പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേസില്‍ അതിജീവിതയ്‌ക്കൊപ്പമാണു സര്‍ക്കാര്‍. നടിയുടെ ഹര്‍ജി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല.
കേസില്‍ പൊലീസിന് വീഴ്ചയുണ്ടായതായി ഇന്നുവരെ ആരും പറഞ്ഞിട്ടില്ല. വീഴ്ചയുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കും. നടിക്കു കോടതിയെ സമീപിക്കാം. പരാതിയുണ്ടെങ്കില്‍ ആര്‍ക്കും കോടതിയില്‍ പോവാം. അതിനു സര്‍ക്കാര്‍ എതിരല്ല. കോടതിയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. സ്ത്രീസുരക്ഷ ഉറപ്പുവരുത്തലാണ് സര്‍ക്കാറിന്റെ ലക്ഷ്യം. കേസിലെ മുഖ്യ പ്രതിയുടെ രാഷ്ട്രീയ ബന്ധവും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിജീവിതയെ സി പി എം അപമാനിക്കുന്നു: വി ഡി സതീശന്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയോടൊപ്പമെന്നു പറയുന്ന സര്‍ക്കാര്‍ വേട്ടക്കാരനൊപ്പം സഞ്ചരിക്കുന്ന വിചിത്രമായ കാഴചയാണ് കേരളം കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ഗൂഢാലോചന നടത്തി തിരഞ്ഞെടുപ്പ് കാലത്ത് കേസ് കൊടുത്തെന്ന മട്ടില്‍, ഇ.പി ജയരാജന്‍ അതിജീവിതയെ വീണ്ടും അപമാനിക്കുകയാണ്. മാന്യമായും സമാധാനപരമായും ജീവിക്കുന്ന ആളുകളെ അപമാനിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ചിരിക്കുന്ന ആളാണ് ജയരാജനെന്നും അദ്ദേഹം ആരോപിച്ചു.
സമീപകാലത്താണ് അന്വേഷണം ദുര്‍ബലപ്പെടുത്തി പൊലീസിന്റെ ഫ്യൂസ് ഊരിയത്. അതിജീവിത കോടതിയില്‍ പോയതിനെ പ്രതിപക്ഷവുമായി ബന്ധപ്പെടുത്തുന്നത് അവരെ അപമാനിക്കലാണ്. ഈ നട്ടിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് അതിജീവിത നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ കൊടുക്കേണ്ട സി.പി.എം നേതാക്കള്‍ അവരെ അപമാനിക്കുന്നത് ശരിയല്ല. അതീവഗുരുതരമായ ആരോപണങ്ങളാണ് അതിജീവിത ആഭ്യന്തരവകുപ്പിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. ഇ പി ജയരാജന്‍ എന്തിനാണ് ഇത്ര പരിഭ്രാന്തനാകുന്നതെന്നും സതീശന്‍ ചോദിച്ചു.
അന്വേഷണം മരവിപ്പിക്കാൻ സിപിഎം ഉന്നതര്‍ നേരിട്ട് ഇടപെട്ടു: കെ സുധാകരന്‍
അതിജീവിതയ്‌ക്കൊപ്പമെന്ന് അവകാശപ്പെടുകയും എന്നാല്‍ കേസ് അന്വേഷണം മരവിപ്പിക്കുകയുമാണു പിണറായി സര്‍ക്കാരെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചു. ഇതിനായി സിപിഎം ഉന്നതര്‍ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേസ് സംബന്ധിച്ച് ഗുരുതരമായ ആക്ഷേപം ഉയര്‍ന്നിട്ടും ഒരക്ഷരം അതിനോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തതില്‍ ദുരൂഹതയുണ്ട്. അതിജീവത നടത്തുന്ന ധീരമായ പോരാട്ടത്തെ രാഷ്ട്രീയവത്കരിച്ച് അപമാനിക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്. നീതിക്കായി കോടതി കയറേണ്ട ഗതികേടാണ് പ്രശസ്തയായ നടിക്കു പോലുമെങ്കില്‍ സാധാരണക്കാരുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ.
അതിജീവിതയ്ക്കു നീതി നിഷേധിക്കുന്ന മുഖ്യമന്ത്രിയാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളുടെ വിചാരണയ്ക്കു പ്രത്യേക കോടതി സ്ഥാപിക്കുമെന്നു വീമ്പ് പറയുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് സമയത്തെ പരാതി ദുരൂഹം: കോടിയേരി
നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് സര്‍ക്കാരിനും വിചാരണക്കോടതിയ്ക്കുമെതിരെ അതിജീവിത പരാതി നല്‍കിയ സംഭവം ദുരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിജീവിതയ്ക്കു നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചാരണമാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഡിഎഫ് നടത്തുന്നത്. പാര്‍ട്ടിയും സര്‍ക്കാരും നടിയ്‌ക്കൊപ്പമാണ്. അത് നാടിനറിയുന്ന കാര്യമാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടിയുടെ പരാതി ദുരൂഹമാണ്.
പരാതി ഉണ്ടായിരുന്നെങ്കില്‍ അതിജീവിത നേരെത്തെ കോടതിയെ അറിയിക്കേണ്ടതല്ലേ?
കേസില്‍ അതിജീവിതയുടെ താല്‍പ്പര്യമാണു സര്‍ക്കാരിന്റേതും. പ്രോസിക്യൂട്ടറെയും വനിതാ ജഡ്ജിയേയുമെല്ലാം വച്ചത് നടിയുടെ താല്‍പ്പര്യം നോക്കിയാണ്. ഏത് കാര്യത്തിലാണ് അതിജീവിതയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി സര്‍ക്കാര്‍ നിന്നതെന്നും കോടിയേരി ചോദിച്ചു.
സര്‍ക്കാര്‍ എന്നും അതിജീവിതയ്‌ക്കൊപ്പം: മന്ത്രി പി രാജീവ്
സര്‍ക്കാര്‍ എന്നു അതിജീവിയ്‌ക്കൊപ്പമാണെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങളില്‍ കഴമ്പില്ലെന്നും കുറ്റാരോപിതന്റെ ബന്ധങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കറിയാമെന്നും മന്ത്രി പി രാജീവ്. വിസ്മയ കേസിന്റെ വിധി വളരെ വേഗത്തിലാണ് വന്നത്. അതേ സമീപനമാണ് നടിയെ ആക്രമിച്ച കേസിലും സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിജീവിത ഉന്നയിച്ച പ്രശ്നം കോടതിയുടെ പരിഗണനയിലാണെന്നും അതില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസ്: എം എം മണി
നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ എം എം മണി. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും അത് കോടതിയുടെ പരിഗണനയിലുള്ള കേസാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തെ പരാതിയില്‍ ദുരൂഹതയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ഇന്നു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എം എം മണിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകള്‍:
”കേസാക്കെയെന്നു പറഞ്ഞാല്‍ തെളിവിന്റെയൊക്കെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. കോടതിയാണു വിചാരണ ചെയ്തു തെളിവെടുക്കുന്നതും ശിക്ഷിക്കുന്നതുമൊക്കെ. അതുസംബന്ധിച്ച് നമുക്ക് എല്ലാമൊന്നും പറയാന്‍ പറ്റില്ല. സര്‍ക്കാര്‍ കേസെടുക്കാനും അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും കോടതിയില്‍ ഹാജരാക്കാനും നിലപാടെടുത്തോ എന്നതാണ് പ്രശ്‌നം. ബാക്കി ശിക്ഷയെന്നൊക്കെ പറയുന്നതു കോടതിയിലെ വിചാരണയും വാദകോലാഹലവുമൊക്കെയാണ്. പ്രതികള്‍ രക്ഷപ്പെടാനുള്ള മാര്‍ഗമൊക്കെ പലപ്പോഴും നോക്കും.”
”നടിയെ ആക്രമിച്ച കേസെന്നൊക്കെ പറയുന്നതു കുറേ നാളായിട്ട് നിലനില്‍ക്കുന്ന നാണംകെട്ടൊരു കേസായിട്ടാ എനിക്ക് തോന്നുന്നത്. അങ്ങേരാണേല്‍ നല്ല നടനായി ഉയര്‍ന്നു വന്ന ഒരാളാണ്. ഇതിനകത്തൊക്കെ ചെന്ന് ഇങ്ങേര് എങ്ങനെ ഇടപെടേണ്ടി വന്നെന്ന് എനിക്കൊരു പിടിയുമില്ല.”
”അതിന്റെ പിന്നില്‍ വിശദമായി പരിശോധിച്ചാല്‍ നമുക്കൊന്നും പറയാന്‍ കൊള്ളാത്ത കാര്യങ്ങളെല്ലാമുണ്ട്. അതെല്ലാം ഞാനിപ്പോ ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. കോടതി എന്തു ചെയ്യുന്നുവെന്നത് കോടതിയുടെ വിഷയമല്ലേ? അതില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും എന്തു ചെയ്യാനാ? അങ്ങനെയൊന്നും ചെയ്യാന്‍ കഴിയില്ല,” മണി പറഞ്ഞു.
നടിയുടെ ഹര്‍ജിക്കു പിന്നില്‍ രാഷ്ട്രീയശക്തികള്‍: മന്ത്രി ആന്റണി രാജു
ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിക്കു പിന്നില്‍ രാഷ്ട്രീയശക്തികളുണ്ടെന്ന ആരോപണവുമായി മന്ത്രി ആന്റണി രാജു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാതികള്‍ വരുന്നത് സംശയകരമാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
”നടിയുടെ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ക്കു വസ്തുതാപരമായ പിന്‍ബലമുണ്ടെന്ന് കരുതുന്നില്ല. അതിനു പിന്നില്‍ ഏതോ രാഷ്ട്രീയ ശക്തികളുണ്ടെന്നാണു വിശ്വാസം. ഇന്നലെ വരെ ഇല്ലാതിരുന്ന ആരോപണം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എങ്ങനെ വന്നു? ഇതെല്ലാം ബോധപൂര്‍വം കെട്ടിച്ചമച്ച ആരോപണമാണ്,”അദ്ദേഹം പറഞ്ഞു.
കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്തിമ കുറ്റപത്രം നല്‍കിയിട്ടില്ല. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പേ അതിനെതിരേ ആരോപണമുന്നയിക്കുന്നതു ബാലിശമാണ്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റു ചില താല്‍പ്പര്യങ്ങളുമായി ഇവരെ ആരോ ഉപയോഗിക്കുന്നതാണ്.
കേസിലെ പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലം എല്ലാവര്‍ക്കും അറിയുന്നതാണ്. അത് താന്‍ ആവര്‍ത്തിക്കുന്നില്ല. കേസന്വേഷണം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യസന്ധമായും നീതിയുക്തമായും നടത്തുമെന്നും മന്ത്രി പറഞ്ഞു.