കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും. വൈകിട്ട് നാല് മണിക്ക് പാലാരിവട്ടം ബൈപാസ് ജങ്ഷനിൽ നടക്കുന്ന തിരഞ്ഞടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘ്ടാനം ചെയ്യും. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസും എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കും. ഇടതു മുന്നണിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ.വി തോമസ് ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഇന്നലെ രാത്രിയോടെ കൊച്ചിയിൽ എത്തി. ഒരു വർഷം പൂർത്തിയാക്കുന്ന രണ്ടാം പിണറായി സർക്കാരിന് നിർണായകമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. കെ-റെയിൽ വിരുദ്ധ പ്രതിഷേധങ്ങൾ ഉൾപ്പെടെ നടക്കുന്ന സഹചര്യത്തിൽ എൽഡിഎഫിന് ഇത്അഭിമാനപോരാട്ടമാണ്.
സിൽവർലൈൻ ഇടതുമുന്നണി പ്രധാന പ്രചാരണ വിഷയമാക്കുമ്പോൾ യുഡിഎഫ് ആയുധമാക്കുന്നതും അത് തന്നെയാണ്. തിരഞ്ഞെടുപ്പ് വന്നപ്പോൾ കുറ്റിയടി നിർത്തിയെന്ന പരിഹാസമാണ് യുഡിഎഫ് നടത്തുന്നത്. തൃക്കാക്കരയിൽ തോറ്റാൽ പദ്ധതി ഉപേക്ഷിക്കുമോ എന്ന ചോദ്യവും പ്രതിപക്ഷത്ത് നിന്നുയരുണ്ടെന്ന്. ഇതിനെല്ലാം ഇന്ന് മുഖ്യമന്ത്രി മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജോ ജോസഫ് സഭ സ്ഥാനാർത്ഥിയാണെന്ന ആരോപണങ്ങളിൽ ഉൾപ്പെടെ മുഖ്യമന്ത്രി ഇന്ന് മറുപടി നൽകിയേക്കും. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കമുള്ള ഇടത് നേതാക്കളും ഇന്ന് കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മറ്റു മന്ത്രിമാരും നാളെ മുതൽ മണ്ഡലത്തിൽ എത്തുമെന്നാണ് വിവരം.
അതേസമയം, എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് ഇന്ന് രാവിലെ ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പത്തേകാലോടെയാണ് ജോ ജോസഫ് എൻഎസ്എസ് ആസ്ഥാനത്ത് എത്തിയത്.സുകുമാരാൻ നായരേ കണ്ട് അനുഗ്രഹം നേടാൻ വന്നതാണെന്ന് കൂടികാഴ്ചയ്ക്ക് ശേഷം ജോ ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ എല്ലാവരെയുടെയും പിന്തുണ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.
Also Read: തൃക്കാക്കരയിൽ ഇടത് പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ.വി.തോമസ്