കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫും യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഉമാ ജോസഫ് പന്ത്രണ്ട് മണിയോടെയും കലക്ടറേറ്റിലെത്തി പത്രിക സമർപ്പിച്ചു.
സിപിഐഎം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി പി.രാജു, സിപിഎം സംസ്ഥാന സെക്രട്രിയേറ്റ് അംഗം എം. സ്വരാജ്, ജോസ് കെ മാണി എംപി എന്നിവർക്കൊപ്പമാണ് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് പത്രിക സമർപ്പിക്കാനെത്തിയത്. ഉമാ തോമസിനൊപ്പം ഹൈബി ഈഡൻ എംപി, ജില്ലാ യുഡിഎഫ് കൺവീനർ ഡൊമിനിക് പ്രസന്റഷൻ, ഡിസീസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ ഉണ്ടായിരുന്നു.
ഇവരെ കൂടാതെ ഒരാൾ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ബിജെപി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ നാളെ പത്രിക നൽകിയേക്കും. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മപരിശോധന.
അതേസമയം പ്രചാരണത്തിന്റെ വേഗം കൂട്ടാൻ ഇന്ന് ഉച്ചയ്ക്ക് യുഡിഎഫ് യോഗം ചേരുന്നുണ്ട്. വൈകിട്ട് മൂന്ന് മണിക്ക് പാലാരിവട്ടത് തിരഞ്ഞെടുപ്പ് കൺവെൻഷനും നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരൻ, രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
ബിജെപി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ ഇന്ന് മുതൽ പ്രചാരണ രംഗത്ത് സജീവമാകും. ഇന്നലെ ഉച്ചയ്ക്ക് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നെങ്കിലും കാര്യമായി പ്രചാരണം ആരംഭിച്ചിരുന്നില്ല.
അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആം ആദ്മിക്ക് പുറകെ ട്വന്റി20യും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ പ്രാധാന്യമില്ലാത്തതിനാലാണ് തൃക്കാക്കരയിൽ മത്സരിക്കാത്തതെന്ന് ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് അറിയിച്ചു. ആം ആദ്മി പാർട്ടിയുമായി ചേർന്നെടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി20 മത്സരിക്കില്ല; എഎപിയുമായി ചേർന്നെടുത്ത തീരുമാനം