കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞടുപ്പിൽ തോൽവി സമ്മതിച്ച് സിപിഎം ജില്ലാ നേതൃത്വം. തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞു. കഴിഞ്ഞ ഒരു മാസം നടത്തിയ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷിച്ച ജനവിധിയല്ല ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിലെ പ്രശ്നങ്ങൾ, ദേശീയ രാഷ്ട്രീയം, സർക്കാരിന്റെ വികസനങ്ങൾ തുടങ്ങിയവ ജനങ്ങളുമായി സംവദിച്ചതാണ് എന്നിട്ടും ഏറ്റ തോൽവി അപ്രതീക്ഷിതവും അവിശ്വസനീയവുമാണ്. തൃക്കാക്കര തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി നേരിട്ട് നയിച്ചട്ടില്ല, ജില്ലാ കമ്മറ്റിയാണ് തിരഞ്ഞെടുപ്പ് നയിച്ചത്. ഞങ്ങൾ ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രിമാരും മന്ത്രിമാരും വരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര ഫലം ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്നും സി.എന്‍.മോഹനന്‍ ന്യായീകരിച്ചു. ആവശ്യമായ പരിശോധനകൾ നടത്തുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ഇത്രയും വോട്ടുകൾക്ക് ഒരു തോൽവി പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞു.
സംഭവിച്ചത് എല്‍ ഡി എഫ് വിരുദ്ധ വോട്ടുകളുടെ ഏകോപനം: മന്ത്രി പി രാജീവ്
തൃക്കാക്കരയില്‍ എല്‍ ഡി എഫ് വിരുദ്ധ വോട്ടുകളുടെ ഏകോപനമുണ്ടായതായി എല്‍ ഡി എഫ് പ്രചാരണം നയിച്ച മന്ത്രി പി രാജീവ്. ബി ജെ പി വോട്ട് മൂന്ന് ശതമാനം കുറഞ്ഞു. ട്വന്റി ട്വന്റി വോട്ടുകള്‍ മുഴുവന്‍ യുഡിഎഫിനു പോയോയെന്ന് ഇപ്പോള്‍ പറയാനാകില്ല. അതേസമയം, എല്‍ ഡി എഫിനു വോട്ട് കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്‍ ഡി എഫും യുഡിഎഫും വോട്ട് വര്‍ധിപ്പിച്ചു. തൃക്കാക്കര എന്നും യു ഡി എഫ് മണ്ഡലമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ മുപ്പത്തി ഒന്നായിരത്തിലേറെ വോട്ടിനു പിന്നിലായിരുന്നു ഇവിടെ. പരാജയം സൂക്ഷ്മമായി പരിശോധിക്കും. കെ വി തോമസ് ഉള്‍പ്പടെയുള്ള ഘടകങ്ങളും പരിശോധിക്കും. തൃക്കാക്കരയിലെ പരാജയം കെ റെയിലിനുള്ള തിരിച്ചടിയായി കാണാനാകില്ല. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും രാജീവ് പറഞ്ഞു.
പരാജയം തിരിച്ചടിയല്ല: എം സ്വരാജ്
അതേസമയം, തൃക്കാക്കരയിലെ പരാജയം തിരിച്ചടിയല്ലെന്നു സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. മുഖ്യമന്ത്രി മാത്രമല്ല പ്രചാരണം നയിച്ചത്, കൂട്ടായാണ്. ഇതൊരു ഉപതിരഞ്ഞെടുപ്പ് മാത്രമല്ലേ?
എല്‍ ഡി എഫ് തകര്‍ന്നുപോയിട്ടില്ല. പോളിങ് ശതമാനം കുറഞ്ഞിട്ടും എല്‍ ഡി എഫിനു വോട്ട് കൂടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 2,500 വോട്ട് അധികം ലഭിച്ചു. യുഡിഎഫിനും കൂടുതല്‍ വോട്ട് കിട്ടിയെന്നതാണു യാഥാര്‍ത്ഥ്യമെന്നും സ്വരാജ് പറഞ്ഞു.
മുഖ്യമന്ത്രി എടുക്കാച്ചരക്കായി മാറി: മുഹമ്മദ് ഷിയാസ്
അതേസമയം, മുഖ്യമന്ത്രി എടുക്കാച്ചരക്കായി മാറിയെന്ന് തൃക്കാക്കര തെളിയിക്കുന്നുവെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു. പിടിയുടെ സ്വീകാര്യതക്കുള്ള തെളിവാണ് വലിയ ഭൂരീപക്ഷം തെളിയിക്കുന്നത്. യുഡിഎഫിന്റെ തിരിച്ചുവരവാണിത്. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും കളത്തിലിറങ്ങി. അവർക്കെല്ലാമുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതികഴിഞ്ഞെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഭരണത്തിന്‍റെ വിലയിരുത്തലാണ് നടക്കുന്നതെന്ന് കൊടിയേരി തന്നെയാണ് പറഞ്ഞത്. ജനം വിധിയെഴുതി കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Also Read: Thrikkakara Byelection Result Live updates: തൃക്കാക്കരയിൽ യുഡിഎഫ് തരംഗം; ഉമാ തോമസിന് കൂറ്റൻ ലീഡ്