ന്യൂഡല്‍ഹി: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഈ മാസം 31 ന് നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11-ാം തീയതി വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16 ആണ്. പി. ടി. തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വലിയ മുന്നേറ്റമുണ്ടായിട്ടും തൃക്കാക്കരയില്‍ പി.ടി. തോമസിന് മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കാനായിരുന്നു. സിപിഎം സ്ഥാനാര്‍ഥിയായിരുന്നു ജെ. ജേക്കബ്ബിനെ 14,329 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പി.ടി. പരാജയപ്പെടുത്തിയത്. പി.ടിയ്ക്ക് 59,839 വോട്ടുകളായിരുന്നു ലഭിച്ചത്.
ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കോണ്‍ഗ്രസ് കടക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. നാളെ ഔദ്യോഗിക ചര്‍ച്ച തിരുവനന്തപുരത്ത് നടന്നേക്കും.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാഥമിക ചർച്ചകളും നാളെ ഉണ്ടായേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.
പി.ടിയുടെ പത്നി ഉമാ തോമസിന് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നാണ് കഴിഞ്ഞ ദിവസം ഉമ പ്രതികരിച്ചത്. നടിയെ ആക്രമിക്കപ്പെട്ട് കേസുമായി ബന്ധപ്പെട്ട് സമരവേദിയില്‍ ഉമ എത്തിയിരുന്നു.
Also Read: സംസ്ഥാനത്ത് ഷവര്‍മ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി