കൊച്ചി: തൃക്കാക്കരയിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.എസ്. അരുൺ കുമാർ ഇടത് മുന്നണി സ്ഥാനാർത്ഥിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ നിഷേധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും മന്ത്രി പി. രാജീവും. ഇതുവരെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്നും ഇടതുമുന്നണി യോഗം ചേര്‍ന്നതിന് ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുകയെന്നും ഇ. പി. ജയരാജന്‍ വ്യക്തമാക്കി.
സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ആലോചന ആരംഭിക്കുന്നതെയുള്ളു എന്നായിരുന്നു രാജീവിന്റെ പ്രതികരണം. എന്നാല്‍ മണ്ഡലത്തില്‍ അരുണ്‍കുമാറിനായി ചുവരെഴുത്തുകള്‍ വരെ ആരംഭിച്ചു കഴിഞ്ഞു. സിഐടിയു ജില്ലാ കമ്മിറ്റിയഗവും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനുമാണ് അരുണ്‍കുമാര്‍.
അരുൺ കുമാർ ഇടത് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നിന്നും പ്രീഡിഗ്രിയും ബിഎ എക്കണോമിക്സ് ബിരുദവും നേടി. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹിയും സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്നും നിയമ ബിരുദം നേടിയ അരുൺ നിലവിൽ ഹൈക്കോടതിയിൽ പ്രാക്ടിസ് ചെയ്യുകയാണ്.
ഇന്നലെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍റെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.രാജീവും എം.സ്വരാജും ഉൾപ്പെടെ നേതൃയോഗം ചേർന്നിരുന്നു. ഇ.പി.ജയരാജന്‍ നേരിട്ടായിരിക്കും തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കുക. മന്ത്രി പി.രാജീവും സെക്രട്ടേറിയറ്റംഗം എം.സ്വരാജും മുഴുവന്‍ സമയം മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.
തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഉമ തോമസാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇന്നലെയാണ് കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. അതേസമയം, ബിജെപി സ്ഥാനാർത്ഥിയെ ഇന്നു നാളെയോ അറിയാം. എ.എൻ.രാധാകൃഷ്ണൻ അടക്കമുള്ളവരുടെ പേരുകൾ ബിജെപി പരിഗണനയിലുണ്ട്.
തൃക്കാക്കരയിൽ പി. ടി. തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 31 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16 ആണ്.
Read More: തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തിനൊപ്പം, ആര് ജയിക്കുമെന്ന് പറയാനാകില്ലെന്ന് കെ.വി.തോമസ്