കൊച്ചി: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തൃക്കാക്കരയിലെ ജനം ആര്‍ക്കൊപ്പമായിരുന്നെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളേജിലെ കൗണ്ടിങ് സെന്ററില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നാലെ ഇലക്ട്രോണിക് യന്ത്രങ്ങളും.
ഒരു റൗണ്ടില്‍ 21 വോട്ടിങ് യന്ത്രങ്ങളാവും എണ്ണുക. പത്ത് മണിയോടെ തന്നെ ആദ്യ ഫലസൂചനകള്‍ ലഭ്യമാകും. ഉച്ചയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായേക്കും. 68.75 ശതമാനം പോളിങ്ങാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തിയത്. മണ്ഡല രൂപീകരണത്തിന് ശേഷം ആദ്യമായാണ് പോളിങ് ഇത്രയധികം ഇടിയുന്നത്.
പോളിങ് കുറഞ്ഞെങ്കിലും മൂന്ന് സ്ഥാനാര്‍ഥികളും വിജയപ്രതീക്ഷയിലാണ്. പോളിങ് കുറഞ്ഞത് എല്‍ഡിഎഫിന് അനുകൂലമാകുമെന്നാണ് ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് പറയുന്നത്. തൃക്കാക്കരയില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്നും നഗരസഭയില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നും സ്ഥാനാര്‍ഥി അവകാശപ്പെടുന്നു.
പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് വ്യക്തമാക്കിയത്. ഭൂരിപക്ഷം കുറഞ്ഞാലും ജയം ഉറപ്പിക്കാമെന്നും ഉമ പറയുന്നു. അതേമസയം, തിരഞഞെടുപ്പില്‍ ബിജെപി കരുത്തറിയിക്കുമെന്ന് എ. എന്‍. രാധാകൃഷ്ണനും പറഞ്ഞു. ആര് ജയിച്ചാലു ഭൂരിപക്ഷം കുറവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കരയില്‍ വോട്ടിങ് ആരംഭിച്ചതിന് ശേഷമുള്ള മണിക്കൂറുകളില്‍ കനത്ത പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ആദ്യ മൂന്ന് മണിക്കൂറില്‍ തന്നെ 30 ശതമാനം കടന്നിരുന്നു. എന്നാല്‍ പിന്നീട് മന്ദഗതിയിലാവുകയായിരുന്നു. 75 ശതമാനത്തിന് മുകളില്‍ പോകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 68.73 ല്‍ ഒതുങ്ങി.
രാഷ്ട്രീയപരമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ഇരുവരും പാര്‍ട്ടിയുടെ തലപ്പത്ത് എത്തിയതിന് ശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പാണിത്. പരാജയം രുചിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഇരുവര്‍ക്കുമെതിരെ പടയൊരുങ്ങും.
മറുവശത്ത് എല്‍ഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ മുതിര്‍ന്ന നേതാവ് ഇ.പി. ജയരാജനും തിരഞ്ഞെടുപ്പ് പ്രധാനമാണ്. ജോ ജോസഫിന്റെ വിജയമുറപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തില്‍ ആഴ്ചകളോളം തുടര്‍ന്നു. മന്ത്രിമാര്‍ വീടുകേറി പ്രചാരണം നയിച്ചതും വ്യത്യസ്ത കാഴ്ചയായി.
Also Read: ‘പോളിങ് കുറഞ്ഞത് അനുകൂലം’; തൃക്കാക്കരയില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ജോ ജോസഫ്