കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ആവേശത്തോടെയുള്ള കൊട്ടിക്കാലശത്തോടെ ഇന്ന് വൈകിട്ട് ആറുമണിക്കാണ് പരസ്യ പ്രചാരണം അവസാനിച്ചത്. ആറ് മണിക്ക് ശേഷം മണ്ഡലത്തില്‍ നിശബ്ദ പ്രചാരണമായിരിക്കും. 31 നാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളും പാർട്ടി നേതാക്കളും അണികളും മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിലെ പരസ്യ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. പാലാരിവട്ടത്താണ് കൊട്ടിക്കലാശം കേന്ദ്രികീരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി വി. മുരളീധരന് തുടങ്ങി താരപ്രചാരകരായിരുന്നു തൃക്കാക്കരെ തിരഞ്ഞെടുപ്പിലെ പ്രത്യേകത. പതിവിന് വിപരീതമായി ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസാണ് അങ്കത്തിന് തുടക്കമിട്ടത്. പി. ടി. തോമസിന്റെ പത്നി ഉമ തോമസിനെ ഒരേ സ്വരത്തിലാണ് യുഡിഎഫ് തിരഞ്ഞെടുത്തത്.
കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് ശേഷം വിവാദങ്ങളില്‍ ആടിയുലഞ്ഞായിരുന്നു എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ആദ്യം കെ. എസ്. അരുണ്‍കുമാറിനായി മണ്ഡലത്തില്‍ ചുവരെഴുത്തുകള്‍ വരെയുണ്ടായെങ്കിലും ഡോ. ജോ ജോസഫ് അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി എത്തി. ഹൃദ്രോഗ വിദഗ്ധനെ കളത്തിലിറക്കി സെഞ്ചുറിയടിക്കാനാണ് എല്‍ഡിഎഫ് ശ്രമം.
മുതിര്‍ന്ന നേതാവ് കൂടിയായ എ. എന്‍. രാധാകൃഷ്ണനാണ് ബിജെപിക്കായി മത്സരിക്കുന്നത്. സ്ഥാനാര്‍ഥികളുടെ പട്ടികയെടുത്താല്‍ പരിചയസമ്പന്നന്‍ രാധാകൃഷ്ണന് തന്നെ. ആദ്യ ഘട്ടത്തില്‍ കെ-റെയില്‍ പ്രധാന വിഷയമായിരുന്നെങ്കിലും തൃക്കാക്കരയില്‍ മൂന്ന് സ്ഥാനാര്‍ഥികളുടെ പേരുകളേക്കാള്‍ ഉയര്‍ന്ന് കേട്ടത് വിവാദങ്ങളായിരുന്നു.
തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനത്തില്‍ സെഞ്ചുറിയടിക്കാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ യുഡിഎഫ് പി.ടിയുടെ മരണത്തോട് ചെര്‍ത്തു വായിച്ചു. ജോ ജോസഫിന്റെ പേരില്‍ അസ്ലീല വീഡിയോ വരെ കഴിഞ്ഞ വാരത്തില്‍ പുറത്തിറങ്ങി.
കെ റെയിലിന് പുറമെ നടിയെ ആക്രമിച്ച കേസ്, ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സഭയുടെ ഇടപെടലുണ്ടെന്ന ആരോപണം, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം എന്നിവ സജീവ ചര്‍ച്ചയായി. എന്നാല്‍ വികസനം മാത്രം ചൂണ്ടിക്കാണിച്ചായിരുന്നു എല്‍ഡിഎഫിന്റെ പ്രചാരണം. മത്സരം വികസന വിരോധികളും അനുകൂലികളും തമ്മിലാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആവര്‍ത്തിച്ചു.
രാഷ്ട്രീയപരമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ഇരുവരും പാര്‍ട്ടിയുടെ തലപ്പത്ത് എത്തിയതിന് ശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പാണിത്. പരാജയം രുചിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഇരുവര്‍ക്കുമെതിരെ പടയൊരുങ്ങും.
മറുവശത്ത് എല്‍ഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ മുതിര്‍ന്ന നേതാവ് ഇ.പി. ജയരാജനും തിരഞ്ഞെടുപ്പ് പ്രധാനമാണ്. ജോ ജോസഫിന്റെ വിജയമുറപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തില്‍ ആഴ്ചകളോളം തുടര്‍ന്നു. മന്ത്രിമാര്‍ വീടുകേറി പ്രചാരണം നയിച്ചതും വ്യത്യസ്ത കാഴ്ചയായി.
Also Read: വിദ്വേഷ പ്രസംഗം: ചോദ്യം ചെയ്യലിന് ഹാജരാകില്ല; പി. സി. ജോര്‍ജ് തൃക്കാക്കരയില്‍