കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിനെ അഭിനന്ദിച്ച് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. തിരഞ്ഞെടുപ്പിനെ വ്യക്തിപരമായി കണ്ടിട്ടില്ലെന്നും ജനഹിതം പൂർണമായി അംഗീകരിക്കുന്നുവെന്നും കൂടെ നിന്നവർക്ക് നന്ദിയെന്നും ജോ ജോസഫ് പറഞ്ഞു.
ഒരു തോല്‍വി കൊണ്ട് പാര്‍ട്ടി പിന്നോട്ടുപോവില്ല. തോൽവിയുടെ കാരണം പാർട്ടി ഇഴകീറി പരിശോധിക്കും. പാർട്ടി ഏൽപ്പിച്ച eജാലി കൃത്യമായി ചെയ്തു. രാഷ്ട്രീയ പോരാട്ടം തന്നെ കാഴ്ചവെച്ചു. അവസാന നിമിഷം വരെ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും താന്‍ ഉഷാറായി പൊരുതിയെന്നും എന്നാൽ ആരും പ്രതീക്ഷിക്കാത്ത തോല്‍വിയാണെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
12 റൗണ്ടുകളായി നടന്ന വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 24000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയമുറപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 68.77 ശതമാനം പോളിങ്ങാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തിയത്. മണ്ഡല രൂപീകരണത്തിന് ശേഷം ആദ്യമായാണ് പോളിങ് ഇത്രയധികം ഇടിയുന്നത്.
മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 1,96,805 ആണ്. ഇതിൽ 1,35,342 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 68175 സ്ത്രീകളും 67166 പുരുഷന്മാരും വോട്ട് ചെയ്തു. ട്രാൻസ്ജെൻഡർ വിഭാഗത്തില്‍ ഒരാളാണ് വോട്ട് ചെയ്തത്.
പോളിങ് കുറവായിരുന്നെങ്കിലും വിജയപ്രതീക്ഷിയിലാണ് മൂന്ന് മുന്നണികളും. 5000 മുതൽ 8000 വരെ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്.