കൊച്ചി: കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വോട്ടിങ് അവസാനിച്ചു. വൈകിട്ട് ആറിനു പോളിങ് അവസാനിച്ചപ്പോൾ 68.75 ശതമാനമാണു പോളിങ്. വെള്ളിയാഴ്ചയാണു വോട്ടെണ്ണൽ.
പി ടി തോമസ് അന്തരിച്ചതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ 1,96,805 വോട്ടർമാരാണുള്ളത്. ഇതിൽ 1,35,320 പേരാണ് വോട്ട് ചെയ്തത്.
1,94,113 പേർക്കു വോട്ടവകാശമുണ്ടായിരുന്ന 2021ലെ തിരഞ്ഞെടുപ്പിൽ 1,36,570 പേരാണ് (70.39 ശതമാനം) വോട്ട് രേഖപ്പെടുത്തിയത്. 14,329 വോട്ടിനായിരുന്നു പി ടി തോമസിന്റെ വിജയം.
2016 ലെ തിരഞ്ഞെടുപ്പിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്, 74.71 ശതമാനം. 11,996 വോട്ടിനായിരുന്നു അത്തവണ പി ടി തോമസ് വിജയിച്ചത്. മണ്ഡലം നിലവിൽ വന്ന 2011ൽ 73.76 ശതമാനമായിരുന്നു പോളിങ്. ബെന്നി ബെഹ്നാൻ 22,406 വോട്ടിനാണ് അന്ന് ജയിച്ചത്.
രൂപീകരണം മുതൽ കോൺഗ്രസിനൊപ്പം നിന്ന തൃക്കാക്കരയുടെ ചരിത്രം ഇത്തവണ ആവർത്തിക്കുമോ അതോ ഇടതുമുന്നണിയ്ക്ക് നൂറാമത്തെ എം എൽ എയെ ലഭിക്കുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയോടെ ഇതിൽ നേരിയ വ്യത്യാസമുണ്ടായി. സ്ഥാനാർഥികളായ ഉമാ തോമസും ജോ ജോസഫും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും ഭാര്യ ദയാ പാസ്കലും പടമുകള്‍ ഗവ.യുപി സ്കൂളിലെ 140 ആം നമ്പര്‍ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. പള്ളിയിലും അമ്പലത്തിലും എത്തി പ്രാര്‍ത്ഥിച്ചതിനുശേഷം ഉമ തോമസ് പൈപ്പ്ലൈൻ ജങ്ഷനിലെ പോളിങ് ബൂത്തിലെത്തി വോട്ടുചെയ്തു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് തൃക്കാക്കരയില്‍ വോട്ടില്ല.
ജനം അംഗീകരിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് പോളിങ് ബൂത്തിലേക്ക് പുറപ്പെടും മുൻപ് പറഞ്ഞു. പിടിയുടെ ആത്മാവ് തനിക്ക് ഒപ്പമുണ്ടെന്നും, പ്രകൃതിപോലും അനുകൂലമായി നിൽക്കുകയാണെന്നും അവർ പറഞ്ഞു. സിക്സർ അടിച്ച് സെഞ്ചുറി അടിക്കുമെന്ന ആതമവിശ്വാസം ഇടത് സ്ഥാനാർഥി ജോ ജോസഫ് പങ്കുവച്ചു. യുഡിഎഫ് കോട്ട തകരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അട്ടിമറിയുണ്ടാകുമെന്നും ഓ രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുന്നത് താനാകുമെന്നും എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധേകൃഷ്ണൻ പറഞ്ഞു.

പോളിങ്ങിന്റെ ആദ്യ മണിക്കൂറിൽ ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രത്തിന് തകരാർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അവ പരിഹരിച്ച് ഉടൻ തന്നെ വോട്ടിങ് ആരംഭിക്കാനായി.
മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണുള്ളത്. 1,96,805 വോട്ടർമാരാണ് ഇത്തവണ വിധി നിർണയിക്കുക. ഇതിൽ 3633 പേർ കന്നി വോട്ടർമാരാണ്. 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും വോട്ടർമാരിലുണ്ട്.
എട്ട് സ്ഥാനാര്‍ഥികളാണ് തൃക്കാക്കരയില്‍ ജനവിധി തേടുന്നത്. വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. ഉറച്ച കോട്ടയായ തൃക്കാക്കരയെ അതുപോലെ നിലനിർത്താനാണ് യുഡിഎഫ് ശ്രമം. അതേസമയം, തൃക്കാക്കര നേടി സെഞ്ചുറി തികയ്ക്കാനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. ജൂൺ മൂന്നിനാണ് വോട്ടെണ്ണല്‍.
അതിനിടെ, കള്ളവോട്ടിന് ശ്രമിച്ച ഒരാൾ പിടിയിലായി. പൊന്നുരുന്നി ക്രൈസ്റ്റ് കിങ് സ്കൂളിൽ കള്ളവോട്ടിന് ശ്രമിച്ചയാളാണ് പിടിയിലായത്. പിറവ൦ പാമ്പാക്കുട സ്വദേശി ആല്‍ബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥലത്തില്ലാത്ത സഞ്ജു ടി എസിന്റെ പേരിലാണ് ആല്ബിന് വോട്ട് രേഖപ്പെടുത്താൻ ശ്രമിച്ചത്. ഇയാളുടെ മൊഴി രേഖപ്പെടുത്തുകയാണ്. പാലാരിവട്ടത്തും കൊന്നംകുടി മുകളിലും സമാന പരാതി ഉയർന്നു. സംഭവത്തിൽ കോൺഗ്രസും ബി ജെ പിയും പരാതി നൽകി.