കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സസ്പെന്‍സ് അവസാനിപ്പിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോ ജോസഫാണ് എല്‍ഡിഎഫിനായി മത്സരിക്കുക. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
ആരാണ് ഡോ. ജോ ജോസഫ്
വാഴക്കാല സ്വദേശിയായ ഡോ. ജോ ജോസഫ് സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധനാണ്. 43 കാരനായ ജോ കോട്ടയം മെഡിക്കല്‍ കൊളജില്‍ നിന്നാണ് എംബിബിഎസ് ബിരുദമെടുത്തത്. ഡോക്ടറെന്ന നിലയില്‍ പ്രളയകാലത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
തൃക്കാക്കരയില്‍ വിജയം സുനിശ്ചിതമാണെന്ന് ജോ ജോസഫ് പ്രതികരിച്ചു. “പാര്‍ട്ടി അനുഭാവിയും പ്രവര്‍ത്തകനുമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫ് തരംഗത്തിന്റെ ഭാഗമാകാന്‍ തൃക്കാക്കരയ്ക്ക് കഴിഞ്ഞില്ല, എന്നാല്‍ ഇത്തവണ വിജയം സുനിശ്ചിതം,” ജോ ജോസഫ് വ്യക്തമാക്കി.
“ഇടതുപക്ഷമാണ് ഹൃദയപക്ഷം. ഞാന്‍ ഹൃദയപക്ഷത്തിനൊപ്പമാണ്. കേരളത്തില്‍, ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി കൂടിവരികയാണ്. കേരളത്തിലെ എല്ലാ മണ്ഡലത്തിലും ഇടതുപക്ഷത്തിന് ജയിക്കാന്‍ കഴിയും. പാലായില്‍ വരെ മാറ്റമുണ്ടാക്കി, തൃക്കാക്കരയിലും അതുണ്ടാകും,” ജോ ജോസഫ് കൂട്ടിച്ചേര്‍ത്തു.
സഭയുടെ നോമിനേഷനാണെന്ന ആരോപണം ജോ ജോസഫ് തള്ളി. “സഭയുടെ ആശുപത്രിയില്‍ ഞാന്‍ ജോലി ചെയ്തുള്ളത് എന്ന കാര്യം സത്യമാണ്. എന്നാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ അത്തരം കാര്യങ്ങളില്ല. തൃക്കാക്കരയിലെ എല്ലാ ജനങ്ങളുടേയും വോട്ട് എനിക്ക് വേണം, എങ്കില്‍ മാത്രമെ ജയിക്കാന്‍ കഴിയു,” ജോ ജോസഫ് പറഞ്ഞു.
തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഉമ തോമസാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ബിജെപി സ്ഥാനാർത്ഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. എ.എൻ.രാധാകൃഷ്ണൻ അടക്കമുള്ളവരുടെ പേരുകൾ ബിജെപി പരിഗണനയിലുണ്ട്.
തൃക്കാക്കരയിൽ പി. ടി. തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 31 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16 ആണ്.
Also Read: തൃക്കാക്കരയില്‍ ചിത്രം തെളിഞ്ഞു; ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി