ന്യൂഡല്‍ഹി: തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നു. വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല. സ്ഥാനാര്‍ഥിയെ സഭ നിശ്ചയിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
“കത്തോലിക്ക സഭ എപ്പോഴും ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന വിശാലമായ ചിന്താഗതിയുള്ള ഒരു സഭയാണ്. അവര്‍ ഒരു സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കുമെന്ന യാതൊരു വിശ്വാസവും ഞങ്ങള്‍ക്കില്ല. നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രചരണമാണിത്,” ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
“ഞങ്ങള്‍ രാഷ്ട്രീയ പോരാട്ടത്തിനാണ് തയാറെടുക്കുന്നത്. രാഷ്ട്രീയ പോരാട്ടത്തിന് എല്‍ഡിഎഫ് തയാറല്ല. ഞാന്‍ വെല്ലുവിളിക്കുകയാണ്. തയാറായിരുന്നേല്‍ അരുണ്‍കുമാറിനെ സ്ഥാനാര്‍ഥിയായി നിലനിര്‍ത്തണമായിരുന്നു. കൊല റെയിലിനുള്ള താക്കീതായിരിക്കും തൃക്കാക്കര,” ചെന്നിത്തല വ്യക്തമാക്കി.
ഡോ. ജോ ജോസഫിന്റെ പേര് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനാണ് പ്രഖ്യാപിച്ചത്. കെ.എസ്.അരുണ്‍കുമാറിന്റെ പേര് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ജോയുടെ പേര് മാത്രമാണ് പരിഗണിച്ചിരുന്നതെന്നാണ് ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ പറയുന്നത്.
ഉമ തോമസാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കെപിസിസി നിര്‍ദേശിച്ച ഏക പേര് ഉമയുടേതായിരുന്നു. ബിജെപി സ്ഥാനാർത്ഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. എ.എൻ.രാധാകൃഷ്ണൻ അടക്കമുള്ളവരുടെ പേരുകൾ ബിജെപി പരിഗണനയിലുണ്ട്.
തൃക്കാക്കരയിൽ പി.ടി.തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 31 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16 ആണ്.
Also Read: ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ; വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം