കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ എഐസിസി അംഗം കെ വി തോമസ് എല്‍ഡിഎഫിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
”കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ വി തോമസ് എല്‍ഡിഎഫിനു വേണ്ടി പ്രചരണത്തിനിറങ്ങും. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയിലുള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മേല്‍ക്കൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതം,”ചാക്കോ ഫെയ്സ്ബുക്കില്‍ കുറിച്ചു.
തൃക്കാക്കരയില്‍ വ്യക്തിബന്ധത്തിനല്ല താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് കെ വി തോമസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വികസന രാഷ്ട്രീയത്തിനൊപ്പമാണ് താനെന്നാണ് അദ്ദേഹം പറഞ്ഞത്.
”തൃക്കാക്കരയില്‍ ജനങ്ങളുടെ തിരഞ്ഞെടുപ്പാണ്. ആര് ജയിക്കുമെന്ന് പറയാനാകില്ല. കോണ്‍ഗ്രസ് നേതൃത്വം ആശയ വിനിമയം നടത്തിയിട്ടില്ല. എല്‍ഡിഎഫുമായി ആശയ വിനിമയം ഉണ്ടായിട്ടില്ല. കെ റെയില്‍ പോലുള്ള പദ്ധതികള്‍ നടപ്പാകണം,” അദ്ദേഹം പറഞ്ഞു.
അതേസമയം, കെ വി തോമസ് തന്നെ എതിര്‍ത്ത് പറയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ ഭാര്യയുമായ ഉമ തോമസ് ഇന്നലെ പ്രതികരിച്ചത്.
”കെ വി തോമസ് ഞങ്ങളെ എന്നും ചേര്‍ത്ത് പിടിച്ചിട്ടേയുളളൂ. കെവി തോമസുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു,” പി.ടി.തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ഥിച്ച ശേഷം പ്രചാരണം തുടങ്ങിയ ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
31 നാണ് തൃക്കാക്കര മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. 11-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ എസ് അരുണ്‍കുമാറായിരിക്കും സ്ഥാനാര്‍ഥിയെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും പാര്‍ട്ടി അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് ചേരുന്ന ഇടതുമുന്നണി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും ഇടതു മുന്നണി യോഗത്തിനുശേഷം പ്രഖ്യാപനമുണ്ടാവുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് ഇന്നലെ പറഞ്ഞിരുന്നു.
Also Read: അരുൺ കുമാറോ അതോ സർപ്രൈസ് സ്ഥാനാർഥിയോ?, തൃക്കാക്കരയിൽ ആരെന്ന് ഇന്നറിയാം