കൊച്ചി: തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് കുറഞ്ഞത് അനുകൂലമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ്. “തൃക്കാക്കര നഗരസഭയില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കും. പരാജയത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. പാര്‍ട്ടി എല്പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചു. നാളെ മുതല്‍ ആശുപത്രിയില്‍ സജീവമാകും,” ജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തൃക്കാക്കരയില്‍ വോട്ടിങ് ആരംഭിച്ചതിന് ശേഷമുള്ള മണിക്കൂറുകളില്‍ കനത്ത പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ആദ്യ മൂന്ന് മണിക്കൂറില്‍ തന്നെ 30 ശതമാനം കടന്നിരുന്നു. എന്നാല്‍ പിന്നീട് മന്ദഗതിയിലാവുകയായിരുന്നു. 75 ശതമാനത്തിന് മുകളില്‍ പോകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 68.73 ല്‍ ഒതുങ്ങി.
രൂപീകരണം മുതൽ കോൺഗ്രസിനൊപ്പം നിന്ന തൃക്കാക്കരയുടെ ചരിത്രം ഇത്തവണ ആവർത്തിക്കുമോ അതോ ഇടതുമുന്നണിയ്ക്ക് നൂറാമത്തെ എംഎൽഎയെ ലഭിക്കുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ജൂണ്‍ മൂന്നിനാണ് വോട്ടെടുപ്പ്. ഓരോ വീടും കയറിയിറങ്ങിയുള്ള പ്രചാരണമായിരുന്നു മൂന്ന് മുന്നണികളും നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി വി. മുരളീധരന് തുടങ്ങി താരപ്രചാരകരായിരുന്നു തൃക്കാക്കരെ തിരഞ്ഞെടുപ്പിലെ പ്രത്യേകത. പതിവിന് വിപരീതമായി ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസാണ് അങ്കത്തിന് തുടക്കമിട്ടത്. പി. ടി. തോമസിന്റെ പത്നി ഉമ തോമസിനെ ഒരേ സ്വരത്തിലാണ് യുഡിഎഫ് തിരഞ്ഞെടുത്തത്.
കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് ശേഷം വിവാദങ്ങളില്‍ ആടിയുലഞ്ഞായിരുന്നു എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ആദ്യം കെ. എസ്. അരുണ്‍കുമാറിനായി മണ്ഡലത്തില്‍ ചുവരെഴുത്തുകള്‍ വരെയുണ്ടായെങ്കിലും ഡോ. ജോ ജോസഫ് അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി എത്തി. മുതിര്‍ന്ന നേതാവ് കൂടിയായ എ. എന്‍. രാധാകൃഷ്ണനാണ് ബിജെപിക്കായി മത്സരിക്കുന്നത്
രാഷ്ട്രീയപരമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ഇരുവരും പാര്‍ട്ടിയുടെ തലപ്പത്ത് എത്തിയതിന് ശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പാണിത്. പരാജയം രുചിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഇരുവര്‍ക്കുമെതിരെ പടയൊരുങ്ങും.
മറുവശത്ത് എല്‍ഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ മുതിര്‍ന്ന നേതാവ് ഇ.പി. ജയരാജനും തിരഞ്ഞെടുപ്പ് പ്രധാനമാണ്. ജോ ജോസഫിന്റെ വിജയമുറപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തില്‍ ആഴ്ചകളോളം തുടര്‍ന്നു. മന്ത്രിമാര്‍ വീടുകേറി പ്രചാരണം നയിച്ചതും വ്യത്യസ്ത കാഴ്ചയായി.
Also Read: തൃക്കാക്കരയിൽ 68.73 ശതമാനം പോളിങ്; വോട്ടെണ്ണൽ ശനിയാഴ്ച