കൊച്ചി: തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയില്ലെന്ന് മന്ത്രി പി.രാജീവ്. മണ്ഡലത്തിൽ സ്വാധീനം ഉണ്ടാക്കാൻ കഴിയാത്തത് പരിശോധിക്കും. ഇടത് വിരുദ്ധ വോട്ടുകൾ ഒന്നിച്ചു. സഹതാപത്തിന്റെ ഘടകം പ്രവർത്തിച്ചു. രാഷ്ട്രീയ ഘടകവും അവർക്കൊപ്പം നിന്നു. വോട്ട് ശതമാനത്തിൽ പാർട്ടിക്ക് വർധനവുണ്ടാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ തെറ്റു പറ്റിയിട്ടില്ല. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ടുകൾ നേടാനായി. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം മാധ്യമ നിർമ്മിതികളാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഭരണത്തിന്‍റെ വിലയിരുത്തലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തൃക്കാക്കരയില്‍ തോറ്റെങ്കിലും ഇടതുമുന്നണിയുടെ അടിത്തറ ശക്തമാണെന്നും എല്‍ഡിഎഫിന് ഒരു പാളിച്ചയും പറ്റിയിട്ടില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബോധപൂർവം വിവാദമുണ്ടാക്കാനും ശ്രമം ഉണ്ടായി. തൃക്കാക്കര കൂടി നഷ്ടപ്പെട്ടാൽ കോൺഗ്രസിന്റെ സ്ഥിതി എന്താകുമായിരുന്നെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു.
തൃക്കാക്കരയിലെ തോൽവി വിലയിരുത്താനാണ് സിപിഎം നീക്കം. ബൂത്ത് തലം മുതലുള്ള വിലയിരുത്തൽ പാളിയത് പാർട്ടി പരിശോധിക്കും. ജില്ലാ നേതൃത്വത്തെ മറികടന്ന് സംസ്ഥാന നേതാക്കൾ എടുത്ത തീരുമാനങ്ങളുടെ കൂടി പരാജയമാണ് തൃക്കാക്കരയിലെ തോൽവിയെന്നാണ് ഒരു കൂട്ടം നേതാക്കളുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് തോൽവി ഗൗരവത്തോടെ പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അവലോകനം വൈകില്ലെന്നാണ് കോടിയേരിയുടെ വാക്കുകളിൽനിന്നും വ്യക്തമാകുന്നത്.