നാണയം വിഴുങ്ങിയ കുട്ടിക്ക് ദാരുണാന്ത്യം; ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം

ആരോഗ്യമന്ത്രി കെ.കെ.ശെെലജ അന്വേഷണത്തിനു ഉത്തരവിട്ടു

കൊച്ചി: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ദാരുണാന്ത്യം. ആലുവ കടുങ്ങല്ലൂർ സ്വദേശികളായ രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരിച്ചത്. ഒരു രൂപയുടെ നാണയമാണ് കുട്ടി വിഴുങ്ങിയത്. കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് വീട്ടുകാർ ആരോപിച്ചു. കുഞ്ഞിനു ചികിത്സ തേടി ആലുവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉൾപ്പെടെ കയറിയിറങ്ങിയെങ്കിലും മടക്കി അയക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. വിഷയത്തിൽ ആരോഗ്യവകുപ്പ് അടിയന്തര റിപ്പോർട്ട് തേടി. സമഗ്രമായ അന്വേഷണത്തിനു ആരോഗ്യമന്ത്രി കെ.കെ.ശെെലജ ഉത്തരവിട്ടു.

Read Also: പ്രധാനമന്ത്രി ഇടപെട്ടു, ചായക്കാശ് വെട്ടിക്കുറച്ചു; നൂറ് രൂപയുടെ ചായ ഇനി 15 രൂപയ്‌ക്ക്

ഇന്നലെ രാവിലെ പതിനൊന്നോടെയാണ് കുട്ടി നാണയം വിഴുങ്ങുന്നത്. തുടർന്ന് കുട്ടിയുമായി മാതാപിതാക്കൾ ആലുവ ജനറൽ ആശുപത്രിയിൽ എത്തി. പീഡിയാട്രീഷൻ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് മടക്കിവിട്ടതായി മാതാപിതാക്കൾ ആരോപിക്കുന്നു. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും പീഡിയാട്രീഷൻ ഇല്ലെന്ന കാരണം പറഞ്ഞ് അവിടെ നിന്നും മടക്കി അയച്ചു. തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. പഴവും ചോറും നൽകിയാൽ മതിയെന്നും നാണയം പുറത്തു പോകുമെന്നും പറഞ്ഞ് ചികിത്സ നൽകാതെ പറഞ്ഞുവിടുകയായിരുന്നു എന്നും മാതാപിതാക്കൾ ആരോപിച്ചു.

Read Also: ഉത്ര വധം: മൂർഖനെ കൊണ്ട് ഡമ്മിയിൽ കടിപ്പിച്ച് പരീക്ഷണം, അന്വേഷണത്തിൽ നിർണായകം

അതേസമയം, കുട്ടിയുടെ മരണകാരണം മറ്റേതെങ്കിലും അസുഖം മൂലമാകുമെന്ന് ശിശുരോഗവിദഗ്‌ധർ സംശയിക്കുന്നു. നാണയം വിഴുങ്ങുന്നത് മരണത്തിനു കാരണമാകില്ലെന്നാണ് വിലയിരുത്തൽ. നാണയം ചെറുകുടൽ വരെ എത്തിയിരുന്നു, ഇങ്ങനെയൊരു സാഹചര്യത്തിൽ നാണയം വിഴുങ്ങിയതുകൊണ്ട് മാത്രം മരണം സംഭവിക്കില്ലെന്ന് ഡോക്‌ടർമാർ പറയുന്നു.

മൃതദേഹം കോവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കും. കണ്ടെയ്‌ൻമെന്റ് സോണിൽ നിന്നു വരുന്നവരാണ് ഈ കുടുംബം. കോവിഡോ മറ്റേതെങ്കിലും ആരോഗ്യപ്രശ്‌നങ്ങളോ കുട്ടിക്കുണ്ടോ എന്നാണ് പരിശോധിക്കുന്നത്. കണ്ടെയ്‌ൻമെന്റ് സോണിൽ നിന്നു വരുന്നവരായതിനാൽ ചികിത്സിക്കാൻ സാധിക്കില്ലെന്ന് മൂന്ന് ആശുപത്രിയിലെയും അധികൃതർ പറഞ്ഞതായി കുട്ടിയുടെ അമ്മ ആരോപിക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Three year old dies after swallowing one rupee coin

Next Story
പ്രധാനമന്ത്രി ഇടപെട്ടു, ചായക്കാശ് വെട്ടിക്കുറച്ചു; നൂറ് രൂപയുടെ ചായ ഇനി 15 രൂപയ്‌ക്ക്Narendra Modi, Airport , Tea Rate
The moderation of comments is automated and not cleared manually by malayalam.indianexpress.com