കൊച്ചി: രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന കാര്‍ പ്രഭാതസവാരിക്കിറങ്ങിയവരുടെ മേല്‍ ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് രണ്ടു സ്ത്രീകള്‍ മരിച്ചു. അപകടം വരുത്തിയ കാറിലുണ്ടായിരുന്ന സ്ത്രീയും മരിച്ചു. പഴങ്ങനാട് സ്വദേശികളായ സുബൈദ (48), നസീമ (50), കാറിലുണ്ടായിരുന്ന ഡോ. സ്വപ്ന എന്നിവരാണു മരിച്ചത്.
കിഴക്കമ്പലം പഴങ്ങനാട് ഷാപ്പുംപടിയില്‍ ഇന്നു രാവിലെ ആറിനായിരുന്നു അപകടം. ഹോമിയോ ഡോക്ടറായ സ്വപ്നയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിനുശേഷം ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയസ്തംഭനത്തെത്തുടര്ന്നാണ് സ്വപ്ന മരിച്ചത്.
സ്വപ്നയും ഭര്‍ത്താവും സഞ്ചരിച്ച കാര്‍ അമിതവേഗത്തില്‍ പോകുന്നതിനിടെ പ്രഭാതസവാരിക്കിറങ്ങിയ നാലുപേര്‍ക്ക് ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് ആശുപത്രിയിലെത്തിയ ശേഷം, പരുക്കേറ്റവരെ കൊണ്ടുപോകാനായി ആംബുലന്‍സ് അയയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സുബൈദയെയും നസീസമയെയും പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read: കോഴിക്കോട് കൂട്ടബലാത്സംഗക്കേസ്: രണ്ടുപേർ കൂടി പിടിയിൽ