കൊച്ചി: മൂന്നാർ വിവാദങ്ങളുടെ നടുവിലാണ് എല്ലാ കാലത്തും. വിഎസ് സർക്കാരിന്റെ കാലത്ത് കൈയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും ഒഴിപ്പിക്കാൻ മൂന്ന് ഐഎഎസ്/ഐപിഎസ് ഉദ്യോഗസ്ഥർ പോയത് മുതൽ, രേണു രാജ് വരെ എത്തിനിൽക്കുന്നു ഈ വിവാദങ്ങളുടെ പട്ടിക.
ദേവികുളത്തെത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതും അവർ വിവാദത്തിലാകുന്നതും പതിവായിരിക്കുകയാണ്. ഭൂമി കൈയേറ്റ വിഷയങ്ങളില്‍ നടപടിയെടുത്ത മൂന്ന് സബ് കളക്ടർമാരാണ് രണ്ടര വര്‍ഷത്തിനുള്ളില്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനുമായി കൊമ്പുകോർത്തത്.
അനധികൃത കൈയേറ്റം പൊളിക്കുന്നത് തടയാനെത്തിയവരെ, അറസ്റ്റു ചെയ്യാന്‍ നിര്‍ദേശം നല്‍കിയാണ് ശ്രീറാം വെങ്കിട്ടരാമൻ താരമായത്. എന്നാൽ അദ്ദേഹത്തിന്റെ കൈയും കാലും വെട്ടുമെന്നും മൂന്നാറിലൂടെ ഇഴഞ്ഞുപോകേണ്ടി വരുമെന്നുമായിരുന്നു എംഎൽഎയുടെ ഭീഷണി. ശ്രീറാം വെങ്കിട്ടരാമൻ സ്ഥലംമാറിപ്പോയതിന് പിന്നാലെ ദേവികുളത്തെത്തിയ സബ് കളക്ടര്‍ വിആര്‍ പ്രേംകുമാര്‍, അനധികൃതര്‍ നിര്‍മാണങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കുമെതിരേ നിലപാടു കടുപ്പിച്ചതോടെ ഇദ്ദേഹവും രാജേന്ദ്രന് ശത്രുപക്ഷത്തായി.
സബ് കളക്ടര്‍ കോപ്പിയടിച്ചാണ് ഐഎഎസ് പാസായതെന്നും മന്ദബുദ്ധിയാണെന്നുമായിരുന്നു പ്രേംകുമാറിനെതിരെ അന്ന് രാജേന്ദ്രന്റെ പ്രസ്താവന. പ്രേംകുമാര്‍ മൂന്നാറില്‍ തുടര്‍ന്ന കാലമത്രയും മൂന്നാര്‍ നിശ്ചലമായിരുന്നുവെന്നും പ്രേംകുമാറിനെ മാറ്റാന്‍ താനാണ് സര്ക്കാരിനോടാവശ്യപ്പെട്ടതെന്നും പ്രേംകുമാറിനെ സ്ഥലം സ്ഥലം മാറ്റിയ ഉടന്‍ രാജേന്ദ്രന് അവകാശപ്പെട്ടു.
ഇപ്പോഴത്തെ സബ് കളക്ടര്‍ രേണു രാജിനെതിരെ നടന്നത് ഈ തർക്കത്തിലെ അവസാനത്തേതാണ്. കൈയേറ്റങ്ങള്‍ക്കെതിരെ സബ് കളക്ടർ നടപടി സ്വീകരിച്ചതോടെ വീണ്ടും പ്രശ്നങ്ങളുണ്ടായി. ഒരു മാസത്തിനകം പത്തോളം അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയാണ് രേണു രാജ് സ്റ്റോപ് മെമ്മോ നല്‍കിയത്. പഞ്ചായത്ത് അനധികൃതമായി നിര്‍മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിനെതിരെയും സബ് കളക്ടർ നടപടിയെടുത്തു.
ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണം തടയാനെത്തിയപ്പോഴാണ് സബ് കളക്ടറെ, എംഎൽഎ രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ചത്. സബ് കളക്ടർക്ക് ബുദ്ധിയില്ലെന്നായിരുന്നു എസ് രാജേന്ദ്രൻ എംഎൽഎ വിമർശിച്ചത്. ഇത് വാര്‍ത്തയായതോടെ എംഎൽഎയും സർക്കാരും സമ്മർദ്ദത്തിലായി. മൂന്നാറില്‍ കൈയറ്റത്തിന് പകരം മൂന്ന് സബ് കളക്ടർമാരെയാണ് സിപിഎം ഒഴിപ്പിച്ചതെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ കുറ്റപ്പെടുത്തി.