Zika virus: തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം പേട്ട സ്വദേശിനിയായ 25കാരിക്കും ആനയറ സ്വദേശികളായ 26 കാരനും 37 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവരിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നു.
അഞ്ച് പേരാണ് നിലവില്‍ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Read More: Zika virus- സിക്ക എത്രത്തോളം അപകടകരമാണ്; ലക്ഷണങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം
ഈ മാസം എട്ടിനായിരുന്നു സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് അന്ന് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
ജൂണ്‍ 28ന് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടർന്നുള്ള പരിശോധനയിലായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്.
സിക്ക വൈറസിനെതിരെ സംസ്ഥാനത്ത് ജാഗ്രത പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് തദ്ദേശഭരണ, ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ നിര്‍ദേശം നൽകിയിരുന്നു. സിക്ക വൈറസ് പ്രതിരോധത്തിന് ഇരു വകുപ്പുകളും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രിമാരായ എം.വി. ഗോവിന്ദന്‍, വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഈ മാസം 15ന് ചേർന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.