പാലക്കാട്: കെവിന്‍ കൊലപാതക കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍. പാലക്കാട്ടു നിന്നുമാണ് ഇവരെ പിടികൂടിയത്. വിഷ്ണു, ഷാനു, ഷിനു എന്നിവരെയാണ് കൊല്ലം റൂറല്‍ പൊലീസ് സംഘം പിടികൂടിയത്. പിടിയിലായ മൂന്ന് പേരും കൃത്യത്തില്‍ നേരിട്ട് പങ്കുളളവരാണ്.

ഇതോടെ കേസിലെ 13 പ്രതികളില്‍ 12 പേരെയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളായ സാനു ചാക്കോ, പിതാവ് ചാക്കോ എന്നിവരെ കോടതിയില്‍ ഹാജരാക്കിയശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. അറസ്റ്റിലായ പ്രതികളുടെ സാന്നിധ്യത്തില്‍ വരും ദിവസങ്ങളില്‍ പൊലീസ് തെളിവെടുപ്പ് നടത്തും. സാനുവിന്റെ അമ്മ റഹ്‌നയ്ക്കായുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്.

കെവിന്‍ പി.ജോസഫിനെ പ്രതികള്‍ തട്ടിക്കൊണ്ടു പോയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു എന്ന് പൊലീസ് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. നീനുവിനെ കെവിന്‍ വിവാഹം കഴിക്കുന്നത് തടയാനാണ് തട്ടിക്കൊണ്ടുപോയത്.

കെവിനെ പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്താനായിരുന്നു പ്രതികള്‍ ലക്ഷ്യമിട്ടതെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നീനുവിന്റെ പിതാവ് ചാക്കോയാണ് തട്ടിക്കൊണ്ടു പോകലിന്റെ മുഖ്യ സൂത്രധാരനെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.

നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയുടെ നേതൃത്വത്തിലുളള 13 അംഗ സംഘമാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിന് നേതൃത്വം നല്‍കിയത് സാനുവാണെങ്കിലും മുഖ്യസൂത്രധാരന്‍ പിതാവ് ചാക്കോ ആയിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കെവിന്‍ തെന്മലയ്ക്കു സമീപം ചാലിയേക്കരയില്‍വച്ചു കാറില്‍നിന്നും രക്ഷപ്പെട്ടുവെന്നും അതിനടുത്ത് ചാലിയേക്കര തോടാണെന്ന് അറിയാമായിരുന്ന പ്രതികള്‍ കെവിനെ പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പിന്തുടര്‍ന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ