കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സംഭവത്തിലുൾപ്പെട്ട പ്രതികളെ നേരത്തെതന്നെ തിരിച്ചറിഞ്ഞിരുന്നു. തമ്മനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിലെ മണികണ്ഠൻ, ഷാജി എന്നിവരും സൂത്രധാരനായ പൾസർ സുനിയുമാണ് ഇനി പിടിയിലാകാനുള്ളത്. അതേസമയം ഇന്ന് രാവിലെ കോയന്പത്തൂരിൽ നിന്ന് പിടിയിലായ വടിവാൾ സലിം, പ്രദീപ് എന്നിവരെ ആലുവ പൊലീസ് ക്ലബിലെത്തി ചോദ്യം ചെയ്തു.

നടിയെ തട്ടിക്കൊണ്ടുപോയ സംഘം ഉപയോഗിച്ച ടെംപോ ട്രാവലറിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തി. ഇത് ചാലക്കുടി സ്വദേശിയുടെ കാറ്ററിങ് വാഹനമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കേസുമായി ബന്ധപ്പെട്ട് എഡിജിപി ബി സന്ധ്യ, മധ്യമേഖല ഐജി പി.വിജയൻ, എറണാകുളം റൂറൽ എസ്‌പി, കൊച്ചി സിറ്റി ഡിസിപി, എറണാകുളം റൂറൽ ഡിവൈഎസ്‌പി എന്നിവർ ആലുവ പൊലീസ് ക്ലബിൽ യോഗം ചേർന്നു.

മുഖ്യപ്രതി പൾസർ സുനി കേരളം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. ഇയാളുമായി അടുത്ത ബന്ധമുള്ള 20 കേന്ദ്രങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി. തമ്മനം ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ള മണികണ്ഠനും ഷാജിയും സുനിലിനൊപ്പമാണ് ഉള്ളതെന്ന നിഗമനത്തിലാണ് പൊലീസ്.

നടിയെ തൃശ്ശൂരിൽ നിന്നും കൊച്ചിയിലേക്ക് ഡബ്ബിംഗിനായി കൂട്ടിക്കൊണ്ടുവരാൻ ആദ്യം ചുമതലപ്പെടുത്തിയത് സുനിലിനെ ആയിരുന്നുവെന്ന് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ മനോജ് പറഞ്ഞു.”എന്നാൽ അസൗകര്യം പറഞ്ഞ് ഒഴിഞ്ഞ സുനിൽ തന്നെയാണ് മറ്റൊരു ഡ്രൈവറെ ഏൽപ്പിച്ചത്. ഇതിന് മുൻപ് മൂന്ന് തവണ നടി സഞ്ചരിച്ച കാർ ഓടിച്ചത് സുനിലായിരുന്നു. മാർട്ടിൻ ഇയാളുടെ സുഹൃത്താണ്. നടിയും ഇവരും തമ്മിൽ യാതൊരു ബന്ധവുമില്ല” എന്നും മനോജ് പറഞ്ഞു.

ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ഭീഷണിപ്പെടുത്തി നടിയിൽ നിന്നും പണം തട്ടാനായിരുന്നു സംഘത്തിന്റെ ശ്രമമെന്നാണ് പൊലീസ് കരുതുന്നത്. നടി പരാതിപ്പെടില്ലെന്ന നിഗമനത്തിലായിരുന്നു സംഘമെങ്കിലും, പൊലീസ് ഇടപെടൽ ഉണ്ടായതോടെ സുരക്ഷിത താവളത്തിലേക്ക് മാറുകയായിരുന്നു. ഇയാളെ എത്രയും വേഗം പിടികൂടണമെന്നും പരമാവധി തെളിവുകൾ ശേഖരിക്കണമെന്നും ഡി ജി പി ലോക് നാഥ് ബെഹ്റ അന്വേഷണ സംഘത്തിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം മുഖ്യപ്രതി സുനിലിന് എതിരെ ആറ് വർഷം മുൻപ് മറ്റൊരു തട്ടിക്കൊണ്ടുപോകൽ ആരോപണം ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ പരാതി ഇല്ലാത്തതിനാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സംഘത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യം അന്വേഷണ പരിധിയിൽ ഉള്ളതായി ഉന്നത ഉദ്യോഗസ്ഥൻ രഹസ്യവിവരം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ