കോവിഡ്-19 കാലത്ത് സംസ്ഥാനത്തെ മദ്യ വില്‍പന സുഗമമാക്കാന്‍ വേണ്ടി ബിവറേജസ് കോര്‍പറേഷന്‍ (ബെവ്‌കോ) അവതരിപ്പിച്ച ബെവ് ക്യു ആപ്പ് പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് മാസത്തോളം ആയിട്ടും മദ്യ ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. തുടക്ക കാലത്തുണ്ടായിരുന്ന അസംതൃപ്തിയില്‍ മാറ്റമില്ല. എന്നാല്‍ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം നീട്ടുകയും ആപ്പിന്റെ പ്രവര്‍ത്തനം പരിഷ്‌കരിക്കാനും ഒരുങ്ങുകയാണ് അധികൃതര്‍.
സംസ്ഥാനത്ത് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന് കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ (ബെവ്‌കോ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ഇപ്പോള്‍ ഔട്ട്‌ലെറ്റുകളില്‍ വില്‍പ്പന നടക്കുന്നത. എന്നാല്‍, ഇത് രണ്ട് മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് ഏഴ് മണി വരെ ആക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വച്ചതായി ബെവ്‌കോ മാനേജിങ് ഡയറക്ടര്‍ സ്പര്‍ജന്‍ കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
മദ്യ വില്‍പ്പനയിലെ മറ്റു നിയന്ത്രണങ്ങളും നിലവിലുള്ള ടോക്കണ്‍ സംവിധാനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഇഷ്ട ബ്രാന്‍ഡും അളവും കിട്ടാത്ത ഉപഭോക്താവ്
ബെവ്ക്യു ആപ്പില്‍നിന്നു ജനറേറ്റ് ചെയ്യുന്ന ടോക്കണുകളില്‍ 60 ശതമാനത്തോളം ബാറുകള്‍ക്കാണ് ലഭിക്കുന്നത്. ബാക്കിയുള്ളവയാണ് ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലേക്ക് പോകുന്നത്. ഉപഭോക്താക്കളില്‍ അധികവും ബാറുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍, ബാറുകളില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ബ്രാന്‍ഡ് ലഭ്യമല്ലാത്തതാണ് ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നം. മാത്രമല്ല, ചെറിയ അളവുകളിലെ കുപ്പികളും ലഭിക്കുന്നില്ല.
“മിക്കവാറും ബാര്‍ ഹോട്ടലുകള്‍ ആണ് ലഭിക്കുകയാണ് വേണ്ടത്. നമ്മള്‍ അന്വേഷിച്ചു പോകുന്ന ബ്രാന്‍ഡ് ലഭിക്കാറില്ല. കിട്ടുന്നത് വാങ്ങിപ്പോകും. 1,200 രൂപയ്ക്ക് മുകളിലും പിന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ളതും കിട്ടും. മീഡിയം റേഞ്ചിലുള്ളത് കിട്ടാറില്ല. അവര് തരുന്നത് വാങ്ങിപ്പോരുക. ടോക്കണ്‍ പലയിടത്തും നോക്കാറില്ല. ആര്‍ക്കും എപ്പോഴും വന്ന് വാങ്ങിപ്പോകാന്‍ സാധിക്കുന്നു. അതേസമയം, ബെവ്‌കോയില്‍ ഔട്ട്‌ലെറ്റുകള്‍ പേരും മറ്റും പരിശോധിച്ചശേഷമാണ് കയറ്റിവിട്ടത്. ബാറുകള്‍ തിരക്ക് കുറവാണ്. പേയ്‌മെന്റ് പണമായിട്ടാണ് ബാറുകളില്‍ വാങ്ങുന്നത്, പലപ്പോഴും ബില്ലും തരാറില്ല,” എറണാകുളത്തെ ഒരു ഉപഭോക്താവ് പറഞ്ഞു.
ബാറുകള്‍ അവര്‍ക്ക് ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍ വില്‍പ്പനയ്ക്കായി ബെവ്‌കോയില്‍ നിന്നു വാങ്ങുമെന്നും ഏതൊക്കെ ബ്രാന്‍ഡുകള്‍ വാങ്ങണമെന്ന് അവരോട് നിര്‍ദേശിക്കാനാകില്ലെന്നും സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. അങ്ങനെ പറഞ്ഞാല്‍ നിയമപരമായ പ്രശ്‌നങ്ങള്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും കൂടുതല്‍ വിറ്റു പോകുന്ന ബ്രാന്‍ഡുകളാണ് ബാറുകള്‍ എടുത്തുവയ്ക്കുകയെന്ന് സിപിഎം അനുകൂല സംഘടനയായ കേരള സംസ്ഥാന വിദേശ മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ സി കെ മണിശങ്കര്‍ പറയുന്നു.
ബാറുകളില്‍ ടോക്കണ്‍ ഇല്ലാതെ മദ്യം വില്‍പന
ബെവ്‌കോയില്‍ നിന്ന് എടുക്കുന്നവ അല്ലാത്ത മദ്യം ബാറുകളില്‍ വില്‍ക്കുന്നുണ്ടാകുമെന്ന് മണിശങ്കര്‍ പറഞ്ഞു. കൂടാതെ, ബെവ്ക്യുവിന്റെ ടോക്കണില്ലാതെ തന്നെ വില്‍പ്പന നടത്തുന്നതായി കേള്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ബാറുകളില്‍നിന്നും ഇഷ്ടമുള്ള മദ്യം ലഭിക്കാത്തത് കൂടാതെ പലയിടത്തും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമില്ല. കോവിഡ് പ്രോട്ടോക്കോളായി മാസ്‌ക് ധരിക്കണം എന്നത് മാത്രമാണ് പാലിക്കപ്പെടുന്നത്. സാനിറ്റൈസര്‍ ലഭ്യമല്ല. ബാറുകളില്‍ ടോക്കണ്‍ ഇല്ലാതെ വില്പന നടത്തുന്നതുകൊണ്ടും എത്തുന്നവരുടെ പേരും മറ്റു വിവരങ്ങളും ശേഖരിക്കാത്തതുകൊണ്ട് കോണ്ടാക്ട് ട്രേസിങിനെ ബാധിക്കാന്‍ സാധ്യതയുണ്ട്,” പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു ഉപഭോക്താവ് പറഞ്ഞു.
ടോക്കണ്‍ ഇല്ലാതെയും മദ്യം കിട്ടുന്നുണ്ടെന്ന് നിരവധി മദ്യ ഉപഭോക്താക്കള്‍ പറയുന്നു. ഒരാളുടെ അനുഭവം ഇങ്ങനെ. അദ്ദേഹം ബെവ്ക്യു ആപ്പ് വഴി ടോക്കണ്‍ എടുത്തപ്പോള്‍ മദ്യം ആവശ്യമായതിന്റെ മൂന്ന് ദിവസം കഴിഞ്ഞുള്ള തിയതിക്കാണ് ലഭിച്ചത്. അദ്ദേഹം ടോക്കണ്‍ കിട്ടിയ ബാറിനെ സമീപിച്ചു ആവശ്യം പറഞ്ഞപ്പോള്‍ മദ്യം നല്‍കാന്‍ ബാറിലെ ജീവനക്കാര്‍ തയ്യാറായി.
മൂന്ന് ലിറ്റര്‍ വാങ്ങുന്നതിന് പലര്‍ക്കും കഴിയില്ല. തരക്കേടില്ലാത്ത ബ്രാന്‍ഡ് വാങ്ങുന്നതിന് മൂവായിരം രൂപയ്ക്ക് മുകളില്‍ വരും. അത് പലര്‍ക്കും താങ്ങാന്‍ കഴിയില്ല.
ദിവസക്കൂലിക്കാരനായ ഒരാള്‍ക്ക് ഈ വലിയ തുക താങ്ങാന്‍ കഴിയില്ലെന്ന് വിദേശ മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ (ഐഎന്‍ടിയുസി) സംസ്ഥാന വൈസ് പ്രസിഡന്റ് ശിശു കുമാര്‍ പറഞ്ഞു. “അവര്‍ക്ക് ദിവസം ലഭിക്കുന്ന 800 രൂപ കൂലിയില്‍ നിന്നും ഒരു പങ്കെടുത്ത് കുറച്ച് മദ്യം വാങ്ങി കഴിച്ച് പോകുന്നതാണ് ശീലം. മദ്യം വാങ്ങുന്നതിന് ടോക്കണ്‍ ആയതോടെ ഇവരുടെ മദ്യപാനത്തെ ബാധിച്ചു. മിക്കവരും മദ്യം വാങ്ങുന്നത് നിര്‍ത്തി,” അദ്ദേഹം പറഞ്ഞു.
ബെവ് ക്യു ആപ്പ് ടോക്കണുകള്‍ കൂടുതലും ബാറുകള്‍ക്ക് ലഭിക്കുന്നത് എന്തുകൊണ്ട്?
ഉപഭോക്താക്കളും മദ്യ ഔട്ട്‌ലെറ്റിലെ ജീവനക്കാരും ഒരുപോലെ ഉന്നയിക്കുന്ന ഒരു ആരോപണമാണ് ബെവ്ക്യു ആപ്പ് വഴി ലഭിക്കുന്ന ടോക്കണില്‍ ഭൂരിപക്ഷവും പോകുന്നത് ബാറുകളിലേക്കാണെന്ന്. അതിനാല്‍ റിട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ക്ക് വരുമാനം കുറയുകയാണെന്നും ജീവനക്കാര്‍ പറയുന്നു.
Read Also: ഗൂഗിള്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പായി ബെവ് ക്യൂ
സംസ്ഥാനത്ത് മദ്യവില്‍പ്പന നടത്തുന്നത് സര്‍ക്കാരിന്റെ ബെവ്‌കോ ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും സ്വകാര്യ ബാറുകളെല്ലാം കൂടി 1200 ഓളം വരും.
“ബെവ്‌കോയ്ക്ക് 265 ഔട്ട്‌ലെറ്റുകളാണുള്ളത്. അതേസമയം, ബാറുകളും ബിയര്‍ പാര്‍ലറുകളും എല്ലാം കൂടി 900-ത്തോളം ഉണ്ട്. സ്വാഭാവികമായും ഭൂരിപക്ഷം ടോക്കണുകളും അങ്ങോട്ടേക്ക് പോകും,” സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.
“ടോക്കണുകളില്‍ 60 ശതമാനത്തോളം ബാറുകള്‍ക്കും 40 ശതമാനത്തോളം ബെവ്‌കോയ്ക്കും ലഭിക്കും. ബാറുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. എങ്കിലും നിലവില്‍ 43 ശതമാനത്തോളം ടോക്കണ്‍ ബെവ്‌കോയ്ക്ക് ലഭിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഇതേ അഭിപ്രായമാണ് ബെവ് ക്യു ആപ്പ് ഡെവലപ്പേഴ്‌സ് ആയ ഫെയര്‍കോഡ് ടെക്‌നോളജീസും പറയുന്നത്. “കൂടുതലും ബാറുകളായതിനാൽ സ്വാഭാവികമായും നാല് ടോക്കണ്‍ ആപ്പ് ജനറേറ്റ് ചെയ്യുമ്പോള്‍ ഒന്നാകും ബെവ്‌കോയിലേക്ക് പോകുക.”
” ഉപഭോക്താക്കള്‍ മദ്യം തെരഞ്ഞെടുക്കുന്നതിനാല്‍ ബിയറും വൈനും മാത്രം വില്‍ക്കുന്ന കെടിഡിസിയുടെ പാര്‍ലറുകള്‍ക്കും ടോക്കണ്‍ ലഭിക്കുന്നില്ല. ബിയറും വൈനും തെരഞ്ഞെടുത്താലേ ഈ പാര്‍ലറുകളിലേക്ക് ടോക്കണ്‍ ജനറേറ്റ് ചെയ്യുകയുള്ളൂ,” ഫെയര്‍കോഡ് ടെക്‌നോളജീസ് പറഞ്ഞു.
ബെവ് ക്യു ആപ്പില്‍ മാറ്റങ്ങള്‍ വരുന്നു
അതേസമയം, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്ഥാനത്ത് ബെവ്‌കോയുടെ ഔട്ട്‌ലെറ്റുകളിലും ബാറുകളിലും മദ്യ വില്‍പനയ്ക്കുള്ള ടോക്കണ്‍ വിതരണത്തിനുള്ള ബെവ് ക്യു ആപ്പില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ ഒരുങ്ങുന്നു. ഉപഭോക്താവിന് ഇഷ്ടമുള്ള ഔട്ട്‌ലെറ്റ്, ബാര്‍ എന്നിവ തെരഞ്ഞെടുക്കുന്നതിനും പിന്‍കോഡ് മാറ്റുന്നതിനുമുള്ള അവസരം നല്‍കാനാണ് ആലോചന.
Read Also: ആപ്പിലുറച്ച് സർക്കാർ; ‘ബെവ് ക്യൂ’ പിൻവലിക്കില്ലെന്ന് എക്‌സെെസ് മന്ത്രി
നിലവില്‍ ബെവ് ക്യൂ ആപ്പ് നിര്‍ദേശിക്കുന്ന ഇടത്തുനിന്നാണ് മദ്യം വാങ്ങാന്‍ സാധിക്കുന്നത്. എന്നാല്‍, താമസസ്ഥലത്തു നിന്നു ദൂരെയാണ് ടോക്കണ്‍ ലഭിക്കുന്നതെന്ന പരാതി ഉണ്ടായിരുന്നു. കൂടാതെ, ടോക്കണിലുള്ള സമയവും ഉപഭോക്താവിന് സൗകര്യപ്രദമായ സമയവും ഒന്നല്ലാത്തതിനാലും ടോക്കണ്‍ ലഭിച്ചിട്ട് മദ്യം വാങ്ങാത്ത ധാരാളം പേര്‍ ഉണ്ടെന്ന് ശിശു കുമാര്‍ പറഞ്ഞു.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന സമയത്ത് നല്‍കുന്ന പിന്‍കോഡ് മാറ്റാനും സാധിക്കില്ലായിരുന്നു. കോവിഡ് -19 ലോക്ക്ഡൗണ്‍ മൂലം ഉപഭോക്താവ് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് അവസരം ഇല്ലാതിരുന്നതിനാല്‍ ആണ് മൂന്ന് മാസം മുമ്പ് ആപ്പ് അവതരിപ്പിച്ച സമയത്ത് ഒരിക്കല്‍ നല്‍കിയ പിന്‍കോഡ് പിന്നീട് എഡിറ്റ് ചെയ്ത് മാറ്റാന്‍ അനുവാദം നല്‍കാതിരുന്നത്. ഇപ്പോള്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭിച്ചതും മറ്റു ജില്ലകളിലേക്ക് ജനങ്ങള്‍ യാത്ര ചെയ്തു തുടങ്ങിയതും കാരണമാണ് പിന്‍കോഡ് മാറ്റാന്‍ അനുവാദം നല്‍കാന്‍ ഒരുങ്ങുന്നത്.
Read Also: ഇതെന്തൂട്ട് ആപ്പാ; ‘ബെവ് ക്യൂ’വിനെതിരെ സർവത്ര പരാതി
ആപ്പില്‍ നല്‍കുന്ന പിന്‍കോഡിന്റെ സമീപ പ്രദേശങ്ങളിലെ ഔട്ട്‌ലെറ്റുകളിലേക്കും ബാറുകളിലേക്കുമാണ് ടോക്കണ്‍ ലഭിക്കുന്നത്. സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്താല്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഈ മാറ്റങ്ങള്‍ ആപ്പില്‍ ലഭ്യമാകുമെന്ന് ഫെയര്‍കോഡ് ടെക്‌നോളജീസ് പറഞ്ഞു. ഇപ്പോള്‍ മദ്യം വാങ്ങാന്‍ നാല് ദിവസത്തില്‍ ഒരിക്കലേ സാധിക്കുകയുള്ളൂ. ഇതില്‍ മാറ്റം വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു ദിവസത്തെ ഇടവേളയാണ് നിര്‍ദ്ദേശത്തിലുള്ളത്.
ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാങ്കേതികമായി ഏറെ മാറ്റങ്ങള്‍ വേണ്ടിവരുമെന്ന് സ്പര്‍ജന്‍കുമാര്‍ പറഞ്ഞു. സാങ്കേതികമായ സാധ്യതയുണ്ടെങ്കില്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. ബെവ്ക്യു ആപ്പ് താല്‍ക്കാലികമായി തുടങ്ങിയതാണ്. പക്ഷേ, കോവിഡ് സാഹചര്യം നീണ്ടു പോകുന്നതാണ് പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു.
വരുമാനം കുറഞ്ഞുവോ?
മദ്യത്തിന്റെ മൊത്ത വ്യാപാരവും ചില്ലറ വ്യാപാരവും നോക്കിയാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കച്ചവടം നടന്നുവെന്നാണ് സ്പര്‍ജന്‍ കുമാര്‍ പറയുന്നത്. അതേസമയം, കച്ചവടം നന്നായി കുറഞ്ഞുവെന്ന് ശിശു കുമാര്‍ പറഞ്ഞു.
ശിശു കുമാര്‍ ജോലി ചെയ്യുന്ന പെരുമ്പാവൂരിലെ ഔട്ട്‌ലെറ്റില്‍ മുമ്പ് ദിവസം 25 ലക്ഷം രൂപയുടെ വ്യാപാരം നടന്നിരുന്നു. ഇപ്പോള്‍ നാല് ലക്ഷം രൂപയുടെ മദ്യം മാത്രമാണ് വിറ്റുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ ടോക്കണുകള്‍ ലഭിക്കുന്നതിനാല്‍ ജീവനക്കാര്‍ വെറുതെ ഇരിക്കേണ്ടിയും വരുന്നുവെന്ന് ശിശു കുമാര്‍ പറഞ്ഞു.
Read Also: പനിയുണ്ടെങ്കിൽ മദ്യമില്ല; ബെവ് ക്യൂവിൽ ബുക്കിങ് നടത്തുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
എന്നാല്‍, സി കെ മണിശങ്കര്‍ പറയുന്നത് ബെവ് ക്യു ആപ്പ് വഴിയുള്ള ടോക്കണ്‍ വിതരണം ബെവ്‌കോയെ ബാധിച്ചിട്ടില്ലെന്നാണ്. കാരണം, ബെവ്‌കോ ഔട്ട്‌ലെറ്റിലൂടെയും ബാറുകളിലൂടെയും വില്‍ക്കുന്ന മദ്യം നല്‍കുന്നത് ബെവ്‌കോയാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണിന് തൊട്ടുമുമ്പുള്ള മാസത്തേക്കാള്‍ രണ്ട് കോടി രൂപയുടെ വരുമാനം ജൂലായില്‍ വര്‍ദ്ധിച്ചുവെന്ന് മണി ശങ്കര്‍ പറഞ്ഞു.
ആദ്യ ഘട്ട ലോക്ക്ഡൗണിന് ശേഷം മദ്യ വില്‍പന ശാലകള്‍ തുറന്നപ്പോള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ മദ്യത്തിനുള്ള സെസ്സ് വര്‍ദ്ധിപ്പിച്ചിരുന്നു. ഈ സെസ്സ് വര്‍ദ്ധനവ് മൂലം മദ്യത്തിന്റെ കച്ചവടത്തില്‍ കുറവ് വന്നുവെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനീസിന്റെ (സിഐഎബിസി) റിപ്പോര്‍ട്ടില്‍ പറയുന്നു.
അരുണാചല്‍ പ്രദേശും പശ്ചിമബംഗാളും കേരളവും അടക്കമുള്ള സംസ്ഥാനങ്ങള്‍ 15 മുതല്‍ 50 ശതമാനം വരെയാണ് നികുതി വര്‍ദ്ധിപ്പിച്ചത്. ഇതേതുടര്‍ന്ന് ഇവിടങ്ങളിലെ വില്‍പനയില്‍ 34 ശതമാനം ഇടിവ് ഉണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.
ബെവ്‌കോ ജീവനക്കാരുടെ അതൃപ്തി എന്താണ്?
കോവിഡ് കാലത്തിന് മുമ്പ് ഒരു ജീവനക്കാരന്‍ 12 മണിക്കൂര്‍ ജോലി ചെയ്യണമായിരുന്നു. നിയമപരമായ എട്ട് മണിക്കൂറില്‍ അധികം ജോലി ചെയ്യുന്നതിന് അവര്‍ക്ക് അധിക കൂലി നല്‍കിയിരുന്നു. ഇപ്പോള്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ മാത്രമാണ് ജോലി ചെയ്യേണ്ടത്. അതിനാല്‍ ആ വഴിക്കുള്ള വരുമാനം കുറഞ്ഞു.
എന്നാല്‍, അഞ്ച് മണിക്ക് ഡ്യൂട്ടി സമയം അവസാനിക്കുമെങ്കിലും കണക്കുകള്‍ നോക്കി പൂര്‍ത്തിയാക്കി ഔട്ട്‌ലെറ്റ് പൂട്ടി വീട്ടില്‍ പോകാന്‍ വീണ്ടും രണ്ട് മൂന്ന് മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുമെന്ന് ജീവനക്കാര്‍ക്ക് പറയുന്നു. ദിവസവും തുടര്‍ച്ചയായി 12 മണിക്കൂറില്‍ കൂടുതല്‍ സമയം ഔട്ട്‌ലെറ്റുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അവകാശപ്പെട്ട ഓര്‍ടൈം വേജസിന് പകരമായി തുച്ഛമായ തുക അഡീഷണല്‍ അലവന്‍സ് നല്‍കുന്നതിന് എതിരെയും ഉച്ചഭക്ഷണ ഇടവേള അനുവദിക്കാത്തതിന് എതിരെയും ഫെഡറേഷന്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ശിശു കുമാര്‍ പറഞ്ഞു.
Read More: ആഘോഷക്കുടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബോണസ് ലഭിക്കുന്നത് ബെവ്‌കോ ജീവനക്കാര്‍ക്കാണ്. ഈ വര്‍ഷം ജീവനക്കാരുടെ ബോണസ് കുറയുമോ? ഇല്ല. ഔട്ട്‌ലെറ്റുകളിലെ വ്യാപാരത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ജീവനക്കാരുടെ ആനുകൂല്യങ്ങളെ ബാധിക്കുകയില്ലെന്ന് മണിശങ്കര്‍ പറഞ്ഞു. 2016-ല്‍ തീരുമാനിച്ച 29.5 ശതമാനമാണ് ബോണസ്. ജീവനക്കാര്‍ക്ക് അവരുടെ തസ്തിക അനുസരിച്ച് 10,000 രൂപ മുതല്‍ 85,000 രൂപ വരെ ബോണസ് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Read More: ലോക കരള്‍ ദിനത്തില്‍, കരള്‍ പിളരാത്ത കാലത്തെക്കുറിച്ച്…
ഇല്ല. കാരണം, ഈ വര്‍ഷത്തെ ബോണസ് എന്നത് 2019 എപ്രില്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള വ്യാപാരത്തെ അടിസ്ഥാനപ്പെടുത്തിയാണ്. കൂടാതെ, കഴിഞ്ഞ വര്‍ഷം നല്‍കിയ ബോണസില്‍ കുറയാത്ത തുക ഈ വര്‍ഷവും ഓണത്തിന് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പക്ഷേ, അടുത്ത വര്‍ഷത്തെ ബോണസിനെ ബാധിച്ചേക്കാമെന്ന് ശിശു കുമാര്‍ പറഞ്ഞു.
എക്‌സ്‌സൈസ് നികുതി 2,609 കോടി രൂപ
സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ഒരു മേഖല മദ്യ വില്‍പ്പനയാണ്. 2018-19-ല്‍ 14,508 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. സര്‍ക്കാരിന് എക്‌സ്സൈസ് നികുതിയിലൂടെ ലഭിച്ചത് 2,521 കോടി രൂപയും. ഈ നികുതി 2019-20 വര്‍ഷത്തില്‍ 2,609 കോടി രൂപയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓണത്തിന് മുമ്പുള്ള ആഴ്ചയില്‍ 487 കോടി രൂപയുടെ മദ്യ വ്യാപാരമാണ് കേരളത്തില്‍ നടന്നത്. ഇത് 2017-ല്‍ 440.16 കോടി രൂപയുടെ വ്യാപാരം നടന്നിരുന്നു. തിരുവോണത്തിന്റെ തലേന്നാളായ ഉത്രാടത്തിന് മാത്രം 90.32 കോടി രൂപയുടെ മദ്യ വില്‍പന നടന്നിരുന്നു. അതേസമയം, 2018-ല്‍ 17 കോടി രൂപയുടെ കുറവ് ഉണ്ടായിരുന്നു.