അങ്കമാലി: എറണാകുളം അങ്കമാലിയിൽ നാടോടി സ്ത്രീയുടെ കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. മൂന്നു മാസം പ്രായമുളള കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്ത്രീയുടെ ഭർത്താവ് മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ഭർത്താവ് കൊന്നുവെന്നാണ് സ്ത്രീയുടെ പരാതി.

അങ്കമാലി പൊലീസ് സ്റ്റേഷനു സമീപത്ത് താമസിക്കുന്ന നാടോടി കുടുംബത്തിലെ സ്ത്രീ ഇന്ന് ഉച്ചയോടെ സ്റ്റേഷനിലെത്തി തന്റെ കുഞ്ഞിനെ ഭർത്താവ് കൊന്നു കുഴിച്ചുമൂടിയെന്ന് പരാതി നൽകുകയായിരുന്നു. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലവും ഇവർ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സിഐ ഓഫിസ് വളപ്പിനോട് ചേർന്നുളള സ്ഥലത്ത് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

അതേസമയം, കസ്റ്റഡിയിലായ ഭർത്താവ് പറയുന്നത് കുഞ്ഞ് മുലപ്പാൽ കുടിക്കുന്നതിനിടയിൽ തലച്ചോറിലേക്ക് കയറി ശ്വാസം മുട്ടി മരിച്ചുവെന്നാണ്. ആദ്യം ഭർത്താവാണ് കുഞ്ഞിനെ കൊന്നതെന്ന് പറഞ്ഞ സ്ത്രീ പിന്നീട് താനാണ് കൊന്നതെന്ന് പൊലീസിനോട് പറയുകയും ചെയ്തു. പരസ്‌പര വിരുദ്ധ മൊഴികളെ തുടർന്ന് ഭാര്യയെയും ഭർത്താവിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അതിനുശേഷം മാത്രമേ ഇത് കൊലപാതകമാണോ എന്നതടക്കമുളള കാര്യങ്ങൾ അറിയാനാവൂ. പൊലീസ് അസ്വാഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ