കൊച്ചി: കപ്പല്‍ ബോട്ടിലിടിച്ച സംഭവത്തില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. കോസ്റ്റല്‍ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആംബര്‍ എല്‍ കപ്പലിന്റെ ക്യാപ്റ്റന്‍ ജോര്‍ജ്യനാക്കിസ് ആയോണിസ്, സെക്കന്റ് ഓഫീസര്‍ ഗലാനോസ് അത്തനേഷ്യസ്, കപ്പല്‍ ജീവനക്കാരന്‍ സെവാന എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഷിപ്പിംങ് മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി. ജൂണ്‍ 10ന് കൊച്ചി പുറംകടലിൽവച്ചായിരുന്നു അപകടം.

കൊച്ചി ഹാര്‍ബറില്‍ നിന്ന് മീന്‍പിടിത്തത്തിനു പോയ കാര്‍മ്മല്‍ മാതാ ബോട്ടിലാണ് കപ്പലിടിച്ചത്. തമിഴ്‌നാട് കുളച്ചല്‍ വാണിയങ്കുടി സ്വദേശി തമ്പി ദുരൈയെന്ന ആന്റണി ജോണ്‍ (55), അസം സ്വദേശികള്‍ രാഹുല്‍ദാസ് (24), മോത്തി ദാസ് (24) എന്നിവരാണ് മരിച്ചത്.

പുറംകടലില്‍ നങ്കൂരമിട്ട്, തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് കപ്പല്‍ ബോട്ടിലിടിച്ചത്. ബോട്ട് ചിതറിത്തെറിച്ചു. നിലവിളി ശബ്ദം കേട്ട, സമീപത്തുണ്ടായിരുന്ന സെന്റ് ആന്റണീസ് ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അവര്‍ നാവികസേനയേയും തീരസേനയേയും വിവരമറിയിച്ചു. നിര്‍ത്താതെ പോയ കപ്പല്‍ നാവികസേനയും തീരദേശ പോലീസുമാണ് പിന്തുടര്‍ന്ന് പിടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ