മലപ്പുറം: പെരിന്തൽമണ്ണ പാണ്ടിക്കാട് ഗുഡ്സ് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മിന്, മകള്‍ ഫാത്തിമത്ത് സഫ (11) എന്നിവരാണ് മരിച്ചത്. ഇവരുടെ അഞ്ചു വയസ്സുള്ള മകൾ ഷിഫാന (5) യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഹമ്മദ് ഭാര്യയേയും കുട്ടികളേയും ഓട്ടോയിൽ കയറ്റി തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. തീകൊളുത്തിയ ശേഷം മുഹമ്മദ് അടുത്തുള്ള കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം. ജാസ്മിന്റെ വീടിന് സമീപമുള്ള റബർ തോട്ടത്തിൽ വച്ചായിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
കാസർഗോഡ് മീൻകച്ചവടം നടത്തുന്ന മുഹമ്മദ് ഇന്ന് രാവിലെയാണ് പാണ്ടിക്കാട് ജാസ്മിന്റെ വീട്ടിൽ എത്തിയത്. വീടിന് അടുത്തുള്ള റബർ തോട്ടത്തിലേക്ക് ഭാര്യയും കുട്ടികളുമായി പോയ മുഹമ്മദ് അവിടെ വച്ച് ഭാര്യയുമായി തർക്കത്തിൽ ഏർപ്പെടുകയും കുട്ടികളെയും ഭാര്യയെയും ഓട്ടോയിൽ കയറ്റി പൂട്ടിയ ശേഷം തീകൊളുത്തുകയായിരുന്നു. വാഹനത്തിൽ സ്ഫോടക വസ്തുക്കൾ ഉണ്ടായതായും പൊലീസ് സംശയിക്കുന്നുണ്ട്.
വാഹനം കത്തുന്നതിനിടെ ഇളയ കുട്ടിയെ ജാസ്മിന്റെ സഹോദരിമാർ വലിച്ച് പുറത്തേക്ക് എടുക്കുകയായിരുന്നു എന്നാണ് വിവരം. കുട്ടിക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. അരമണിക്കൂറിന് ശേഷമാണ് തീപൂർണമായും കെടുത്താനായത്. ഇതിനിടയിൽ വീണ്ടും സ്ഫോടനമുണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു.
നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
- മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918