കൊച്ചി: എറണാകുളം ജില്ലയിലെ എളംകുന്നപുഴയിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. പുക്കാട് സ്വദേശി സിദ്ധാർത്ഥൻ, നായരമ്പലം സ്വദേശി സന്തോഷ്‌, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. മത്സ്യത്തൊഴിലാളികള്‍ക്കായി പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. രണ്ട് വഞ്ചികളിലായി നാലുപേരാണ് മീൻപിടിക്കാൻ പോയിരുന്നത്. ഇവരില്‍ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു.

Read More: Kerala Weather Live Updates: സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതേസമയം, ന്യൂനമർദത്തിന്റെ സ്വാധീനം കാരണവും പടിഞ്ഞാറൻകാറ്റ് ശക്തമായതിനാലും അടുത്ത അഞ്ചുദിവസം ശക്തമായ മഴ പെയ്യും. സംസ്ഥാനത്താകെ അതിജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. മത്സ്യബന്ധനത്തിനായി കടലിൽ പോകരുത്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും മലയോരപ്രദേശങ്ങളിലും ഉള്ളവർ ജാഗ്രത പാലിക്കണം. ശനിയാഴ്ച അതിശക്തമായ മഴയ്ക്കാണ് സാധ്യത. വയനാട് കാരാപ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകൾ 15 സെൻറീമീറ്റർ വീതം ഉയർത്തി അധിക ജലം തുറന്ന് വിടും.

ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

കേരളാ തീരത്ത് മണിക്കൂറില്‍ 50 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. മൂന്നര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ അടിക്കാന്‍ സാധ്യത ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.