കോട്ടയം: സംസ്ഥാനത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർ മരിച്ചു. കോട്ടയെത്തെ എരുമേലിയിലും കൊല്ലത്തെ അഞ്ചലിലുമാണ് ഇന്നു രാവിലെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ചാക്കോച്ചൻ പുറത്തേൽ (65), തോമാച്ചൻ പുന്നത്തറ (60) എന്നിവരാണ് കോട്ടയം എരുമേലിയിൽ മരിച്ചത്.
വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്ന ചാക്കോച്ചനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ ചാക്കോച്ചൻ മരിച്ചു. റബര്‍ തോട്ടത്തില്‍ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് തോമസിനുനേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലത്ത് ഇടമുളയ്ക്കല്‍ കൊടിഞ്ഞാലിലാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. ഇടമുളയ്ക്കല്‍ സ്വദേശി സാമുവല്‍ വർഗീസ് (65) ആണ് മരിച്ചത്. വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോഴാണ് സാമുവലിനെ കാട്ടുപോത്ത് ആക്രമിച്ചത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. വന്യമൃഗശല്യം രൂക്ഷമായിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കണമലയില്‍ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. കാട്ടുപോത്തിനെ കണ്ടാലുടന്‍ വെടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം.
അതിനിടെ, ചാലക്കുടി മേലൂർ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. വെട്ടുകാവ് ഭാഗത്താണ് കാട്ടുപോത്തിറങ്ങിയത്. പ്രദേശവാസികൾ ബഹളം വച്ചതോടെ പോത്ത് ഓടിപ്പോയി. പോത്ത് ആളുകളെ ആക്രമിക്കുകയോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ല.
മലപ്പുറം നിലമ്പൂരില്‍ കാട്ടില്‍ തേനെടുക്കാന്‍ പോയ യുവാവിനെ കരടി ആക്രമിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത(40)ക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
എരുമേലിയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം. അടിയന്തരമായി ശനിയാഴ്ച അഞ്ചുലക്ഷം രൂപ കൈമാറുമെന്ന് കലക്ടര്‍ പി.കെ.ജയശ്രീ പറഞ്ഞു. അഞ്ചുലക്ഷം പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നല്‍കും. കൂടുതല്‍ ധനസഹായം നല്‍കുന്ന കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.