തിരുവനന്തപുരം: നന്തൻകോട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപത്തെ വീട്ടിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തി. മൂന്നു മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും മറ്റൊന്ന് വെട്ടിനുറുക്കി ചാക്കിൽ കെട്ടിയ നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കമുളളതായി പൊലീസ് സംശയിക്കുന്നു. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

ഡോ.ജീൻ പത്മ, ഭർത്താവ് രാജ് തങ്കം, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരുടെ മൃതദേഹമാണ് ലഭിച്ചത്. ഓസ്ട്രേലിയയിൽ നിന്നും ആർട്ടിഫിഷൽ ഇന്റലിജൻസിൽ പഠനം പൂർത്തിയാക്കി നാട്ടിലെത്തിയ ഇവരുടെ മകൻ ജീൻസൻ രാജയെ കാണാതായിട്ടുണ്ട്. ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയത്തിലാണ് ബന്ധുക്കളും സമീപവാസികളും പൊലീസിന് മൊഴി നൽകിയത്.

ശനിയാഴ്ച രാത്രി വീടിന് തീപിടിച്ചത്  കണ്ട് അയൽവാസികൾ പൊലീസിൽ വിവരം അറിയിച്ചിരുന്നു. അഗ്നിശമന സേനയെത്തി തീ കെടുത്തിയ ശേഷം വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ജീൻസൻ രാജ

വീടിന് സമീപത്ത് നടത്തിയ തിരച്ചിലിൽ മഴു, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ദിവസമായി ജീൻസനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും കിട്ടിയില്ലെന്നും സഹോദരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ വീട്ടിൽ അഞ്ച് പേരാണ് താമസിച്ചിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. ജീൻസന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നതായും ചിലർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

വീട്ടിലുള്ളവർ കന്യാകുമാരിയിലേക്ക് യാത്ര പോയെന്നും രണ്ട് ദിവസത്തിനുള്ളിൽ തിരികെയെത്തുമെന്നുമാണ് ജീൻസൻ പറഞ്ഞിരുന്നത്. ഇയാളുടെ കാലിൽ പൊള്ളലേറ്റ പാടുണ്ടായിരുന്നുവെന്ന് ബന്ധുവായ ഒരാൾ മൊഴി നൽകിയിട്ടുണ്ട്. നേരത്തെ കൊലപാതകം നടത്തിയ ശേഷം വീടിന് തീവയ്ക്കാനായിരിക്കും ഇയാൾ ശ്രമിച്ചതെന്ന സംശയത്തിലാണ് പൊലീസ്. ജീൻസനു വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.