കാസര്‍കോട്: കാസര്‍കോട് ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. കാസര്‍കോട് എണ്‍മകജെ പഞ്ചായത്തിലെ ചവര്‍ക്കാട് സായ കൊമ്പരഡുക്കയിലെ ഖാസീം- അസ്മ ദമ്പതികളുടെ മകള്‍ മുംതാസ്(10), സുഹ്‌റ- ഹാസീം ദമ്പതികളുടെ മക്കളായ ഫാത്തിമത്ത് ഫസീല(10), ഫിത്താമിന(7) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അമ്മമാര്‍ സഹോദരിമാരാണ്.

വൈകുന്നേരം മൂന്നരയോടെ വീടിന്റെ സമീപത്തെ അയല്‍വാസിയുടെ കവുങ്ങിന്‍ തോട്ടത്തിലെ കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടികള്‍. കുളിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മുംതാസിന്റെ സഹോദരി ഫസ്‌നയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുട്ടികള്‍ മുങ്ങിത്താഴുന്നത് കണ്ട ഫസ്ന വീട്ടില്‍ അറിയിച്ചെങ്കിലും വീട്ടുകാരെത്തിയപ്പോഴേക്കും മൂവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ