ന്യൂഡൽഹി: മുസ്‌ലിം ലീഗ് എംഎൽഎ പി.കെ.ബഷീറിനെതിരായ കൊലവിളി പ്രസംഗ കേസിൽ നടപടികളുമായി മുന്നോട്ട് പോകാൻ സുപ്രീം കോടതി നിർദേശം. കേസ് റദ്ദാക്കിയ യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മജിസ്ട്രേറ്റ് കോടതിയിൽ കേസ് തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
2008 ലാണ് കേസിന് ആസ്പദമായ സംഭവം. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്‌തകത്തിൽ ‘മതമില്ലാത്ത ജീവൻ’ എന്ന പാഠഭാഗം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് എംഎസ്എഫ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രക്ഷോഭം നടത്തിയത്.
അരീക്കോട് കിഴിശ്ശേരി ക്ലസ്റ്റര്‍ മീറ്റിങ് കേന്ദ്രത്തില്‍ പരിശീലനത്തിനെത്തിയതായിരുന്നു വാലില്ലാപ്പുഴ എഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിൻ. എന്നാൽ വിവാദ വിഷയത്തിൽ പ്രതിഷേധവുമായി സംഘടിച്ചെത്തിയ യൂത്ത് ലീഗ് പ്രവർത്തകർ ഈ കേന്ദ്രത്തിൽ ആക്രമണം അഴിച്ചുവിട്ടു. ഇതിനിടെ ചവിട്ടേറ്റ് ജെയിംസ് അഗസ്റ്റിൻ അവശതയിലായി.
ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാല് ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു. ഈ കേസിൽ അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ ഐപിസി 302 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അന്നത്തെ വിഎസ് സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രി ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 14 പേർക്കെതിരെ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ കേസെടുത്തിരുന്നു. ഇതാണ് മുസ്‌ലിം ലീഗ് നേതാവായ പി.കെ.ബഷീറിനെ പ്രകോപിപ്പിച്ചത്. “ഞാന്‍ അഴീക്കോട് നിന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ചെയ്യാത്തതും കാണാത്തതുമായ സംഭവത്തിൽ കമ്മ്യൂണിസ്റ്റുകാരന്‍ സാക്ഷിപറയാന്‍ പോകരുതെന്ന്. ശങ്കരപണിക്കർ പോയാല്‍ കാലുവെട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. അത് ഞാനിപ്പോഴും ആവര്‍ത്തിക്കുകയാണ്,” അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
“ഇവിടെ ആലിന്‍ചോട്ടിലുള്ളൊരു കമ്മ്യൂണിസ്റ്റുകാരനുണ്ട്. ഒരു മാര്‍ക്‌സിസ്റ്റ് മെമ്പര്‍ക്ക് കുട്ട്യാളെ പേര് കൊടുക്കുന്നത്. വളരെ കരുതി നിന്നോളീ. ലിസ്റ്റ് കൊടുക്കുന്ന പൂതി ഇതില് കഴിയും. കാരണം പൊലീസ് വന്ന് നായാട്ട് നടത്തി ഞങ്ങളെ കുട്ട്യാളെ എന്തെങ്കിലും ചെയ്താല്‍ ആദ്യം ഞങ്ങള് നിങ്ങളെയാണ് കൈകാര്യം ചെയ്യുക. അതുകഴിഞ്ഞിട്ടേ ബാക്കിയുള്ള കാര്യം ആലോചിക്കൂ. ഇനി മൂന്നാളെ തിരിച്ചറിയാന്‍ വേണ്ടി ഒരു വിജയന്‍ എന്നു പറഞ്ഞയാളും കൂടി പേര് കൊടുത്തിട്ടുണ്ട്. ആ വിജയനും അധ്യാപകനാണ്. അധ്യാപകനോട് ഞാന്‍ പറയാം തിരിച്ച് നിങ്ങള് വീട്ടിലെത്തില്ലെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല,” അന്നത്തെ പ്രസംഗത്തിൽ പി.കെ.ബഷീറിന്റെ ഭീഷണി തുടർന്നത് ഇങ്ങിനെ.
“ഏറനാട് നിയോജകമണ്ഡലം മുസ്‌ലീം ലീഗ് കമ്മിറ്റിയൊരു തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ പ്രസിഡന്റ് എന്ന നിലയ്ക്ക് ഞാന്‍ പറയുന്നത് ഈ കേസ് കോടതിയില്‍ എന്നെങ്കിലും വരികയാണെങ്കില്‍ ഇതിന് സാക്ഷിപറയാന്‍ ആരെങ്കിലും എത്തിയാല്‍ അവന്‍ ജീവനോടെ തിരിച്ചുപോകില്ലായെന്ന കാര്യം യാതൊരു സംശയവുമില്ല. നിങ്ങള് ചെയ്‌തോളീ ബാക്കി ഞാനേറ്റു, നിങ്ങള് യാതോരു ബേജാറുമാവേണ്ട,” അദ്ദേഹം തുടർന്ന് പറഞ്ഞു.
2012 ജൂൺ 10 ന് അത്തീഖുറഹ്മാന്‍ വധക്കേസ് പ്രതികളായ കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു (48) സഹോദരന്‍ ആസാദ് (37) എന്നിവര്‍ അരീക്കോട് വച്ച് കൊല്ലപ്പെട്ടു. ഈ കേസിൽ ഏറനാട് എംഎല്‍എ പി.കെ.ബഷീറടക്കം 11 പേര്‍ക്കെതിരെ അരീക്കോട് പൊലീസ് കേസെടുത്തിരുന്നു. കേസിൽ ആറാം പ്രതിയായിരുന്ന ബഷീറിനെതിരായ കേസ് പിന്നീട് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ റദ്ദാക്കുകയായിരുന്നു.