scorecardresearch
Latest News

മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭീഷണി: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി.രാധാകൃഷ്ണൻ

ഞങ്ങളുടെ മാധ്യമപ്രവത്തകർ തരുന്ന വാർത്തകൾ കൊടുക്കുക മാത്രമാണ് ചെയ്തത്. സത്യസന്ധമായ വാർത്തകൾ എന്താണോ അതിനിയും കൊടുക്കും

മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭീഷണി: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി.രാധാകൃഷ്ണൻ

തിരുവനന്തപുരം: ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകൾക്കെതിരായ കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭീഷണിയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി.രാധാകൃഷ്ണൻ. ഡൽഹി കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്ത് മതമൈത്രി തകർക്കാൻ ശ്രമിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചാനലിന് വിലക്കേർപ്പെടുത്തിയതെന്ന് അദ്ദേഹം ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“എന്താണ് യഥാർഥത്തിൽ നടന്നത് എന്നതിനെക്കുറിച്ച് ഞങ്ങൾക്കോ എഡിറ്റോറിയൽ വിഭാഗത്തിനോ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. മാനേജ്മെന്റ് പ്രതിനിധികൾ മന്ത്രാലയവുമായി സംസാരിക്കുന്നുണ്ടായിരുന്നു. അതിന്റെ ഫലമായിട്ടാകണം വിലക്ക് പെട്ടെന്ന് നീങ്ങിയത്,” അദ്ദേഹം പറഞ്ഞു.

“മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള ഭീഷണി തന്നെയാണിത്. ഏകപക്ഷീയമായ റിപ്പോർട്ടിങ് ആണെന്നും അത് മതമൈത്രിയെ തകർക്കുന്നതിലേക്ക് വഴിവച്ചെന്നുമാണ് ഞങ്ങൾക്ക് ലഭിച്ച നോട്ടീസിലുള്ളത്. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നു, മതമൈത്രി തകർക്കുന്ന വിവരണങ്ങൾ നൽകുന്നു എന്നീ രണ്ട് ആരോപണങ്ങളാണ് ഞങ്ങൾക്കെതിരെ വന്നത്,” അദ്ദേഹം പറഞ്ഞു.

എന്നാൽ തങ്ങൾ എന്തെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ തെറ്റു തിരുത്താമെന്ന് പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ഞങ്ങളുടെ മാധ്യമപ്രവത്തകർ തരുന്ന വാർത്തകൾ കൊടുക്കുക മാത്രമാണ് ചെയ്തത്. സത്യസന്ധമായ വാർത്തകൾ എന്താണോ അതിനിയും കൊടുക്കും. ഇതൊക്കെ പത്രപ്രവർത്തനത്തിന്റെ ഭാഗമാണ്. പലതരത്തിലുള്ള വെല്ലുവിളികൾ നമ്മൾ നേരിടേണ്ടി വരും. അതൊക്കെ വന്നും പോയുമിരിക്കും. അത്രേയുള്ളൂ.” മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും തങ്ങൾക്ക് യാതൊരു വിധ സമ്മർദവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: മാധ്യമ വിലക്ക്: മീഡിയ വണ്ണും ഏഷ്യാനെറ്റും തിരിച്ചെത്തി

ബിജെപിയുടെ രാജ്യസഭ എംപിയായ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥർ. ജമാ അത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ചാനലാണ് മീഡിയ വണ്‍.

പ്രമുഖ മലയാളം വാർത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേക്ഷണം 48 മണിക്കൂര്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് ഇന്നലെ രാത്രി മുതൽ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകൾക്ക് സംപ്രേഷണം അവസാനിപ്പിക്കേണ്ടി വന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ചാനലുകൾ ലഭ്യമായിരുന്നില്ല.

48 മണിക്കൂർ പൂർത്തിയാകും മുൻപാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ആരംഭിച്ചത്. ഇന്നു പുലർച്ചെ രണ്ടിനു ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം പുനഃരാരംഭിച്ചത്. പുലർച്ചെ 2.44 ഓടെ യൂട്യൂബിൽ ലഭ്യമായി തുടങ്ങി. എന്നാൽ, മീഡിയ വൺ ചാനൽ സംപ്രേക്ഷണം പുനഃരാരംഭിച്ചത് രാവിലെ 9.30 നാണ്. വിലക്കിനെത്തുടർന്ന് മീഡിയ വണ്ണിൽ തത്സമയ വാർത്താ സംപ്രേക്ഷണം നിർത്തിവച്ചിരിക്കുകയായിരുന്നു. രാവിലെ 11 മുതൽ വാർത്താ സംപ്രേക്ഷണം ആരംഭിക്കുമെന്ന് മീഡിയ വൺ അറിയിച്ചിട്ടുണ്ട്.

വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 25ന് ഏഷ്യനെറ്റ് ന്യൂസിലും മീഡിയ വണ്ണിലും സംപ്രേക്ഷണം ചെയ്ത വിവിധ ബുള്ളറ്റിനുകളുടെ ഉള്ളടക്കം 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന്‍റെ ലംഘനമാണെന്ന് മന്ത്രാലയം വിലയിരുത്തി. “ഇത് പോലെ ഗുരുതരമായ സംഭവങ്ങൾ അതീവ ശ്രദ്ധയോടെയും സംതുലിതമായും റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു. കലുഷിതമായ അന്തരീക്ഷത്തിൽ ഇത്തരത്തിലുള്ള റിപ്പോർട്ടിങ് മതസ്പർദ്ധ വർധിപ്പിക്കാന്‍ ഉതകും,” മന്ത്രാലയം ചാനലുകൾക്ക് നൽകിയ ഉത്തരവിൽ പറയുന്നു.

മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടിണ്ട്. സംസ്ഥാനത്തൊട്ടാകെ കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ യോഗങ്ങളും മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Threat against media freedom asianet news editor mg radhakrishnan