മലപ്പുറം: ബിജെപി നേതാവ് മോഹനചന്ദ്രനെ കൊന്നത് തങ്ങളാണെന്ന നിർണായക വെളിപ്പെടുത്തലുമായി തൊഴിയൂര്‍ സുനില്‍ വധക്കേസ് പ്രതികൾ.സുനില്‍ വധക്കേസിൽ ചോദ്യം ചെയ്യലിനിടെയാണു  വെളിപ്പെടുത്തല്‍.

24 വര്‍ഷം മുമ്പ് നടന്ന കൊലപാതകമാണ് പ്രതികള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. ജീപ്പ് ഇടിച്ച് മോഹനചന്ദ്രനെ കൊന്നെന്നാണ് വെളിപ്പെടുത്തല്‍. ഇതേ ജീപ്പ് സുനില്‍ വധക്കേസിലും ഉള്‍പ്പെടുന്നതാണ്. ജീപ്പ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രാത്രി കട പൂട്ടിയ ശേഷം ഭാര്യവീട്ടിലേക്ക് സൈക്കിളില്‍ പോവുമ്പോഴായിരുന്നു മോഹന ചന്ദ്രനെ കൊലപ്പെടുത്തിയത്. തലയ്ക്ക് പരുക്കേറ്റ നിലയിലാണ് മോഹനചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. അപകട മരണമാണെന്നായിരുന്നു വിലയിരുത്തിയത്. സംഭവം നടക്കുന്നത് 1995 ഓഗസ്റ്റ് 19 നായിരുന്നു. 2006 കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.

സുനില്‍ വധക്കേസിലെ പ്രതികളെ 25 വര്‍ഷത്തിനുശേഷം കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. മലപ്പുറം ചെമ്പ്രശേരി സ്വദേശി ഉസ്മാന്‍, തൃശ്ശൂര്‍ അഞ്ചരങ്ങാടി സ്വദേശി യൂസഫലി എന്നിവരെയാണ് പിടികൂടിയത്. സുനില്‍ വധക്കേസില്‍ സിപിഎം പ്രവര്‍ത്തകരെയായിരുന്നു ആദ്യം അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. എന്നാല്‍ നാല് കൊല്ലത്തിന് ശേഷം ഇവരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിടുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.